ബൗണ്ടറി തടയാനായി ചാടി മറിഞ്ഞ് പന്ത് തടുത്തു; പക്ഷെ പിന്നീട് നടന്നത്

0
211

കാര്‍ട്ടാമ ഓവല്‍: യൂറോപ്യന്‍ ക്രിക്കറ്റ് ലീഗ് മത്സരത്തിലെ അസാധാരണ ഫീല്‍ഡിങ് പ്രകടനം കണ്ട് കിളി പോയിരിക്കുകായണ് ആരാധകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ഫീല്‍ഡിങ് വീഡിയോ കണ്ടാണ് ആരാധകര്‍ അന്തം വിട്ടിരിക്കുന്നത്. യൂറോപ്യന്‍ ക്രിക്കറ്റ് ലീഗിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ ഇന്‍ഡിപെന്‍ഡന്‍റ്സ് സിസിയും ഡൊണൗസ്റ്റാഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു രസകരമായ സംഭവം.

ആദ്യം ബാറ്റ് ചെയ്ത ഡൊണൗസ്റ്റാഡ് 10 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സടിച്ച് കൂറ്റന്‍ ലക്ഷ്യം മുന്നോട്ടുവച്ചു. വലിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്‍ഡിപെന്‍ഡന്‍റ്സ് സിസി ആദ്യ പന്ത് തന്നെ സിക്സ് അടിച്ചാണ് തുടങ്ങിയത്. അടുത്ത രണ്ട് പന്തിലും സിംഗിളെടുത്തു. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ നാലാം പന്ത് വൈഡായി. എന്നാല്‍ ഉരുണ്ടുവന്ന ആ പന്ത് കൈപ്പിടിയിലൊതുക്കാന്‍ വിക്കറ്റ് കീപ്പര്‍ക്ക് കഴിഞ്ഞില്ല. കീപ്പറുടെ കാലിന്‍റെ ഇടയിലൂടെ ബൗണ്ടറിയിലേക്ക് പാഞ്ഞ പന്ത് ബൗണ്ടറി കടക്കുന്നത് തടയാനായി ഫീല്‍ഡറും പുറകെ ഓടി.

ഒടുവില്‍ പന്ത് ബൗണ്ടറി കടക്കുന്നതിന് തൊട്ടുമുമ്പ് ഫീല്‍ഡര്‍ പന്ത് കാലു കൊണ്ട് ചവിട്ടി നിര്‍ത്തി. എന്നാല്‍ ഓട്ടത്തിനിടയില്‍ ബാലന്‍സ് പോയതിനാല്‍ നേരെ പരസ്യ ബോര്‍ഡുകളെല്ലാം ചാടിമറിഞ്ഞ് ബൗണ്ടറിക്ക് പുറത്ത് പോയി വീണു. എന്നിട്ടും വിടാതെ തിരിച്ചു ചാടി ഗ്രൗണ്ടിലെത്തി പന്തെടുത്ത് തീരികെ എറിയാന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍ നിന്ന് പന്ത് വഴുതി ബൗണ്ടറി കടന്നു. ഫീല്‍ഡറുടെ ഡെഡിക്കേഷന്‍ കണ്ട് അമ്പരന്നിരുന്ന സ്വന്തം ടീം അംഗങ്ങള്‍ പോലും ആ രംഗം കണ്ട് തലയില്‍ കൈവെച്ച് ചിരിച്ചുപോയി. മത്സരത്തില്‍ 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്ത ഇന്‍ഡിപെന്‍ഡന്‍റ്സ് സിസി 14 റണ്‍സിന്‍റെ തോല്‍വി വഴങ്ങുകയും ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here