ഹരിയാനയ്ക്ക് പുതിയ മുഖ്യമന്ത്രി; ബിജെപി അധ്യക്ഷൻ നായബ് സിംഗ് സൈനി ചുമതലയേല്‍ക്കും

0
154

ദില്ലി: മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജി വച്ചതിന് പിന്നാലെ ഹരിയാനയ്ക്ക് പുതിയ മുഖ്യമന്ത്രി. ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര എംപിയുമായ നായബ് സിംഗ് സൈനിയാണ് ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി. മനോഹര്‍ ലാല്‍ ഖട്ടാറിന്‍റെ അടുപ്പക്കാരൻ തന്നെയാണ് നായബ് സൈനിയും എന്നത് ശ്രദ്ധേയമാണ്.

പിന്നോക്ക വിഭാഗത്തില്‍ നിന്നുയര്‍ന്നുവന്ന നേതാവാണ് നായബ് സൈനി. ഹരിയാനയില്‍ ആകെ 8 ശതമാനം മാത്രമുള്ള ‘സൈനി’ വിഭാഗക്കാരൻ.

2014ല്‍ നാരായണ്‍ഗഡില്‍ നിന്ന് എംഎല്‍എ ആയ നായബ് സൈനി, 2016ല്‍ ഹരിയാനയില്‍ മന്ത്രിയായി. 2019 ല്‍ കുരുക്ഷേത്രയില്‍ നിന്ന് എംപിയായി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ നായബ് സൈനിയുടെ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് വിവരം.

ഹരിയാനയില്‍ ജെജെപി (ജൻനായക് ജനത പാര്‍ട്ടി)- ബിജെപി സഖ്യം തകര്‍ന്നതിന് പിന്നാലെയാണ് മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചത്. തുടര്‍ന്നുണ്ടായ നാടകീയമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ വീണ്ടും മനോഹര്‍ ലാല്‍ ഖട്ടാര്‍ തന്നെ തുടരുമെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ബിജെപിക്ക് അകത്തുനിന്ന് തന്നെയുണ്ടായിരുന്നു. അഞ്ച് ജെജെപി എംഎല്‍എമാര്‍ ബിജെപിക്ക് ഒപ്പമാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.

അതേസമയം ഹരിയാനയില്‍ കര്‍ഷകസമരം, ഗുസ്തി താരങ്ങളുടെ സമരം എന്നിവ വലിയ രീതിയില്‍ രാഷ്ട്രീയസമ്മര്‍ദ്ദമുണ്ടാക്കിയെന്നും ഇതിന്‍റെ ഫലമായാണ് ജെജെപി-ബിജെപി സഖ്യത്തിന്‍റെ വേര്‍പിരിയലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെപിയെ മടുത്ത ജനം തീരുമാനമെടുത്ത് കഴിഞ്ഞുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. അതേസമയം മനോഹർ ലാല്‍ ഖട്ടാർ ക‍ർണാലില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനയും വരുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here