ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യോമസേന മുന്‍ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയില്‍ ചേർന്നു. ന്യൂഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ, പാർട്ടി ജനറല്‍ വിനോദ് താവ്‌ഡെ എന്നിവരിൽ നിന്നാണ് ബദൗരിയ അംഗത്വം സ്വീകരിച്ചത്. ഫ്രാന്‍സുമായുള്ള റാഫേല്‍ യുദ്ധവിമാന കരാറിലെ പ്രധാനിയാണ് ബദൗരിയ. ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്ന് യുപിയിൽ നിന്ന് ബദൗരിയ മത്സരിച്ചേക്കും.
റാഫേല്‍ യുദ്ധ വിമാന കരാർ അന്തിമമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട് ബദൗരിയ. റാഫേല്‍ യുദ്ധവിമാനം പറത്തിയ ആദ്യ വ്യോമസേന ഉദ്യോഗസ്ഥരില്‍ ഒരാളുമാണ് ബദൗരിയ. 2019 സെപ്തംബർ മുതല്‍ 2021 സെപ്തംബർ വരെയാണ് ബദൗരിയ വ്യോമസേന മേധാവിയായി സേവനമനുഷ്ടിച്ചത്. കരസേന മേധാവിയായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് എയർ സ്റ്റാഫ് വൈസ് ചീഫായും പ്രവർത്തിച്ചു.
2017 മാർച്ച് മുതല്‍ 2018 ഓഗസ്റ്റ് വരെ സതേണ്‍ എയർ കമാന്‍ഡില്‍ എയർ ഓഫിസർ കമാന്‍ഡിങ് ഇന്‍ ചീഫായി പ്രവർത്തിച്ചിരുന്നു. 36 വർഷം നീണ്ട കരിയറില്‍ അതി വിശിഷ്ട് സേവ മെഡല്‍, വായു സേന മെഡല്‍, പരം വിശിഷ്ട് സേവ മേഡല്‍ തുടങ്ങി നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.