‘മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ടുചോദിക്കുന്നവരെ വിജയിപ്പിക്കരുത്’..വൈറലായി വിജയ് സേതുപതിയുടെ വിഡിയോ

0
131

ചെന്നൈ: തങ്ങളുടെ ജാതിക്കും മതത്തിനും പ്രശ്നമുണ്ടെന്ന് പറഞ്ഞ് വോട്ടുചോദിക്കുന്നവർക്കൊപ്പം ഒരിക്കലും ചേരരുതെന്ന് നടൻ വിജയ് സേതുപതി. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ നടന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു പരിപാടിക്കിടെ അദ്ദേഹം തമിഴിൽ വിശദമായി ഇക്കാര്യം പറയുന്ന വിഡിയോയാണ് ഏറെ പങ്കുവെക്കപ്പെടു​ന്നത്. ഒരു രാഷ്ട്രീയ കക്ഷിയെയും പേരെടുത്ത് പറയുന്നില്ലെങ്കിലും ബി.ജെ.പിക്കെതിരെയാണ് വിജയ് സേതുപതിയുടെ വാക്കുകളെന്നത് വ്യക്തമാണെന്ന് സമൂഹ മാധ്യമങ്ങളിൽ വിഡിയോ ഷെയർ ചെയ്ത് ആളുകൾ ചൂണ്ടിക്കാട്ടുന്നു.

‘ഇന്ത്യയിലെ എന്റെ സ്നേഹമുള്ള ജനങ്ങളേ..നിങ്ങൾ സൂക്ഷിച്ച് വോട്ടുചെയ്യണം..ദയവായി നല്ലവണ്ണം ചിന്തിച്ച് വോട്ടുചെയ്യണം. വോട്ടുചെയ്യുകയെന്നത് പരമപ്രധാനമാണ്. നമ്മുടെ സംസ്ഥാനത്തോ ഗ്രാമത്തിലോ കോളജി​ലോ അല്ലെങ്കിൽ ഒരു സുഹൃത്തിനോ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതു പരിഹരിക്കാൻ രംഗത്തിറങ്ങുന്നവരെയായിരിക്കണം എപ്പോഴും സഹായിക്കേണ്ടത്. നമ്മുടെ ജാതിക്കും മതത്തിനും പ്രശ്നമുണ്ടെന്ന് പറഞ്ഞ് വോട്ടുചോദിക്കുന്നവർക്കൊപ്പം ഒരിക്കലും ചേരരുത്. അങ്ങനെ പറയുന്നവരൊക്കെ നമ്മളെ കുഴപ്പങ്ങളുണ്ടാക്കാൻ പ്രേരിപ്പിച്ച് ഇളക്കിവിട്ടശേഷം അവരുടെ വീട്ടിൽ പൊലീസ് സംരക്ഷണയിൽ സുരക്ഷിതമായി കഴിയുന്നവരായിരിക്കും. നമ്മളായിരിക്കും പിന്നീട് കുഴപ്പത്തിലാവുക. ഇത് എല്ലാവരും മനസ്സിലാക്കണം’ -വലിയൊരു സദസ്സിനെ അഭിമുഖീകരിച്ച് വിജയ് സേതുപതി നടത്തിയ സംസാരമാണ് നിറഞ്ഞ കൈയടികളോടെ സ്വീകരിക്കപ്പട്ടത്.

ദക്ഷിണേന്ത്യയിലെ സൂപ്പർ താരമായ വിജയ് സേതുപതി ഹിന്ദിയിലെ വമ്പൻ ബോക്സോഫിസ് ഹിറ്റായ ‘ജവാൻ’, ‘മെറി ക്രിസ്മസ്’ തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ ദേശീയതലത്തിലും ഏറെ പ്രശസ്തനാണി​പ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here