കാൻസർ മുതൽ വന്ധ്യത വരെ; മിനറൽ വാട്ടർ കുപ്പികളിൽ വീണ്ടും വെള്ളം നിറക്കരുതേ

0
250

മിനറൽ വാട്ടർ കുപ്പിയിൽ എക്‌സപയറി ഡേറ്റ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, വെള്ളത്തിനെന്ത് എക്‌സ്പയറി ഡേറ്റ് എന്ന് നിങ്ങൾ കരുതിയേക്കാം. പക്ഷെ ആ എക്‌സപയറി ഡേറ്റ് കുപ്പികൾക്കുള്ളതാണെന്ന് എത്ര പേർക്കറിയാം.

കാലിയായ മിനറൽ വാട്ടർ കുപ്പികളിൽ വീണ്ടു വീണ്ടും വെള്ളം നിറച്ച് ഉപയോഗിക്കാറുണ്ടെങ്കിൽ സൂക്ഷിക്കുക. നിങ്ങൾ വെള്ളം മാത്രമല്ല വലിയൊരളവിൽ പ്ലാസ്റ്റിക്കും അകത്താക്കുന്നുണ്ട്.

ലോകത്തെ വലിയൊരു ശതമാനം പ്ലാസ്റ്റിക്ക് മാലിന്യവും മൈക്രോപ്ലാസ്റ്റിക്കാണ്. 5 മില്ലീമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക്ക് കഷണങ്ങളെയാണ് മൈക്രോപ്ലാസ്റ്റിക്കായി കണക്കാക്കാറുള്ളത്. പതിറ്റാണ്ടുകളായി മനുഷ്യൻ വലിച്ചെറിഞ്ഞു വരുന്ന പ്ലാസ്റ്റിക്ക് കൂട്ടിയുരഞ്ഞും പൊടിഞ്ഞും സൂക്ഷ്മകണങ്ങളായി മാറുന്നു. ഇത് ലോകത്തിലെല്ലാ മഹാസമുദ്രങ്ങളിലും ഒഴുകിനടക്കുന്നുണ്ടെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ലോകത്തിലെ പല രാജ്യങ്ങളും കടൽ വെള്ളം ശുദ്ധീകരിച്ചാണ് കുടിവെള്ളമുണ്ടാക്കുന്നത്. എന്നാൽ മൈക്രോപ്രാസ്റ്റിക്കിന് ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന അരിപ്പകൾക്കുള്ളിലൂടെ നുഴഞ്ഞുകയറാമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ശുദ്ധജല സ്രോതസുകളിലും മഴവെള്ളത്തിലും വരെ മൈക്രോപ്ലാസ്റ്റിക്കുണ്ടെന്ന് കേൾക്കുന്നതാണ് ഈ സൂക്ഷ്മവസ്തുവിന്റെ ഭീകരത എത്രത്തോളമാണെന്ന് തെളിയിക്കുന്നത്.

മൈക്രോപ്ലാസ്റ്റിക്ക് എങ്ങനെ ആരോഗ്യത്തെ ബാധിക്കും

മനുഷ്യനുൾപ്പടെ എല്ലാ ജീവജാലങ്ങൾക്കും മൈക്രോപ്ലാസ്റ്റിക്ക് വളരെ അപകടകരമാണ്. ഇൻസുലിൻ മരുന്നുകൾ പ്രവർത്തിക്കുന്നത് തടയൽ, പൊണ്ണത്തടി, പ്രതിരോധശേഷി കുറക്കൽ, വന്ധ്യത തുടങ്ങി കാൻസറിന് വരെ മൈക്രോപ്ലാസ്റ്റിക്ക് കാരണമാകാറുണ്ട്. ഇത് കൂടാതെ ശരീരത്തിൽ പ്ലാസ്റ്റിക്ക് അടിഞ്ഞുകൂടി മറ്റ് രോഗങ്ങളുമുണ്ടാകാൻ സാധ്യതയുണ്ട്. മനുഷ്യന്റെ രക്തത്തിലും മുലപ്പാലിലും വരെ മൈക്രോപ്ലാസ്റ്റിക്ക് കണ്ടെത്തിയിട്ടുണ്ട്.

മൈക്രോപ്ലാസ്റ്റിക്ക് ശരീരത്തിൽ കയറുന്നത് തടയാം

മൈക്രോ പ്ലാസ്റ്റിക്കിനെ തടയുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രധാനമായും വായുവിലൂടെയും വെള്ളത്തിലൂടെയുമാണ് മൈക്രോപ്ലാസ്റ്റിക്ക് ശരീരത്തിലെത്തുന്നത്. വെള്ളം തിളപ്പിക്കുന്നത് മൈക്രോ പ്ലാസ്റ്റിക്കിനെ നശിപ്പിക്കുന്നില്ല. വളരേയധികം തവണ ഫിൽടർ ചെയ്ത വെള്ളം കുടിക്കുകയാണ് മൈക്രോപ്ലാസ്റ്റിക്കിനെ ഒരു പരിധി വരേയെങ്കിലും തടയാനുള്ള വഴി. മിനറൽ വാട്ടർ കുപ്പികൾ ഒഴിവാക്കി കട്ടി കൂടുതലുള്ള ഗ്ലാസ് ബോട്ടിലുകൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ടാപ്പുകളിൽ നിന്നും മറ്റും നേരിട്ട് വെള്ളം കുടിക്കുന്നത് നല്ലതല്ല.

വളരെ സങ്കീർണമായ മാസ്‌ക് ഉപയോഗിക്കുന്നതും മൈക്രോപ്ലാസ്റ്റിക്കിനെ തടയാൻ ഉപകാരപ്പെടും. എന്നിരുന്നാലും ഇതിനും പരിമിതികളുണ്ട്.

എങ്ങനെ മൈക്രോപ്ലാസ്റ്റിക്കിനെ കുറക്കാം

മൈക്രോപ്ലാസ്റ്റിക്ക് കുറക്കാൻ പ്ലാസ്റ്റിക്ക് കുറക്കുക എന്ന ഒരു വഴി മാത്രമേയുള്ളു. പക്ഷെ പ്ലാസ്റ്റിക്ക് ഇത്രയും പ്രാധാന്യമുള്ള ഒരു സമൂഹത്തിൽ പ്ലാസ്റ്റിക്ക് കുറക്കുക എന്നത് വളരെ വലിയ പ്രതിസന്ധിയാണ്. പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന വസ്തുക്കളെ കണ്ടെത്താനും ഇതുവരെ സാധിച്ചിട്ടില്ല. പരമാവധി പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുക, പ്ലാസ്റ്റിക്ക് മാലിന്യം കുറക്കുക എന്നത് മാത്രമാണ് നിലവിൽ ചെയ്യാനാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here