കാല്‍പ്പാദം തകര്‍ക്കുന്ന യോര്‍ക്കര്‍, 17കാരന്‍റെ ബൗളിംഗ് കണ്ട് അന്തം വിട്ട് ധോണി; പിന്നാലെ ചെന്നൈ ക്യാംപില്‍

0
262

ചെന്നൈ: ശ്രീലങ്കന്‍ സ്ലിങ് ബൗളറെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നെറ്റ് ബൗളറായി ടീം ക്യാംപിലേക്ക് ക്ഷണിച്ച് നായകന്‍ എം എസ് ധോണി. ശ്രീലങ്കന്‍ ബൗളിംഗ് ഇതിഹാസം ലസിത് മലിംഗയുടെ ബൗളിംഗ് ശൈലിയില്‍ സൈഡ് ആം ആക്ഷനില്‍ പന്തെറിയുന്ന കുഗദാസ് മാതുലനെയാണ് ധോണി ഈ മാസം ആദ്യം തുടങ്ങിയ ചെന്നൈയുടെ പ്രീ സീസണ്‍ ക്യാംപിലേക്ക് നെറ്റ് ബൗളറായി എടുത്തത്.

സെന്‍റ് ജോണ്‍സ് കോളജും ജാഫ്ന സെന്‍ട്രല്‍ കോളജും തമ്മിലുള്ള ഒരു മത്സരത്തിനിടെ ജാഫ്ന കോളജ് താരമായ മാതുലന്‍റെ യോര്‍ക്കറില്‍ സെന്‍റ് ജോണ്‍സ് കോളജ് ബാറ്റര്‍ അടിതെറ്റി ബൗള്‍ഡാവുന്ന വീഡിയോ കണ്ടതോടെയാണ് ധോണി താരത്തെ ചെന്നൈ ക്യാംപിലേക്ക് ക്ഷണിച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

ഇപ്പോള്‍ ചെന്നൈയുടെ നെറ്റ് ബൗളറായി ടീമിനൊപ്പമുള്ള മാതുലന്‍ വൈകാതെ ചെന്നൈ ടീമില്‍ അരങ്ങേറിയാലും അത്ഭുതപ്പെടാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ചെന്നൈ ടീമില്‍ സൈഡ് ആം ആക്ഷനില്‍ പന്തെറിയുന്ന മഹീഷ് പതിരാനയുമുണ്ട്. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ വിജയത്തില്‍ പതിരാന നിര്‍ണായക പങ്കുവഹിച്ചിരുന്നു.

എന്നാല്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കിടെ ഇടംകാലിലെ തുടക്ക് പരിക്കേറ്റ പതിരാന ചെന്നൈയുടെ ആദ്യ മത്സരങ്ങളില്‍ കളിക്കുമോ എന്ന കാര്യം ഉറപ്പില്ല. ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ബൗളിംഗിനിടെ പരിക്കേറ്റ പതിരാന പിന്നീട് ബൗളിംഗ് പൂര്‍ത്തിയാക്കാനാകാതെ ഗ്രൗണ്ട് വിട്ടിരുന്നു.

സ്റ്റാര്‍ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയില്ലാതെയാണ് ചെന്നൈ ആദ്യ പകുതിയില്‍ കളിക്കുക. ഓസ്ട്രേലിയക്കെതിരായ പരമ്പരക്കിടെ കൈവിരലിന് പരിക്കേറ്റ കോണ്‍വെക്ക് എട്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ മാസം 22ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂിനെതിരെ ആണ് ഐപിഎല്ലില്‍ ചെന്നൈയുടെ ആദ്യ മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here