ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെയുള്ള കോൺഗ്രസിന്റെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

0
117

കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് യശ്വന്ത് വർമ്മ, ജസ്റ്റിസ് പുരുഷൈന്ദ്രകുമാർ കൗരവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കോൺ​ഗ്രസ് സമർപ്പിച്ച ഹർജികൾ തള്ളിയത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പ് നടപടിക്കെതിരെയാണ് കോടതിയെ സമീപിച്ചത്.

നാല് ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ 11 അക്കൗണ്ടുകളും ഒരു മാസം മുന്‍പാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. പാര്‍ട്ടിക്ക് കിട്ടിയ 199 കോടി രൂപ സംഭാവനയില്‍ 14 ലക്ഷം രൂപ അനധികൃതമെന്ന് ചൂണ്ടിക്കാട്ടി 210 കോടി രൂപ പിഴ ചുമത്തിയിരുന്നു. എംപിമാര്‍ നല്‍കിയ സംഭാവനയാണെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം അവഗണിച്ചാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഇതിന് പിന്നാലെ 115 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു.

കോൺഗ്രസിന്റെ 2014 മുതല്‍ 2017 വരെയുള്ള നികുതി കുടിശിക 520 കോടിയെന്നാണ് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയെ ഇൻകം ടാക്സ് വിഭാഗം അറിയിച്ചത്. രാഷ്രീയ പാര്‍ട്ടികൾ ആദായ നികുതി നല്‍കേണ്ടതില്ലെന്നാണ് നിലവിലെ ചട്ടമെന്നിരിക്കേ ബിജെപിയടക്കം ഒരു പാര്‍ട്ടിയും നികുതി നല്‍കുന്നില്ലെന്നും, കോണ്‍ഗ്രസിനെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും നേതാക്കള്‍ ആരോപിക്കുന്നു.

പാര്‍ട്ടി അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. അക്കൗണ്ടുകള്‍ മരവിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്‍കാന്‍ പോലും പണം പാര്‍ട്ടിയുടെ കൈയിലില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here