അഹമ്മദാബാദ്: ഐപിഎൽ 17ാം പതിപ്പിൽ മത്സര ഫിക്ചർ പുറത്ത് വിട്ടതു മുതൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു മുംബൈ-ഗുജറാത്ത് പോരാട്ടം. മുൻ ഗുജറാത്ത് ടൈറ്റൻസ് നായകനായ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലെത്തിയ ശേഷമുള്ള ആദ്യ അങ്കം. അതും ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിൽ. അപ്രതീക്ഷിത സംഭവങ്ങൾക്കാണ് നരേന്ദ്രമോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മുംബൈ ആരാധകർ തന്നെ ഹാർദികിനെ കൂവി വിളിക്കുന്ന അപൂർവ്വ കാഴ്ചകൾക്കും ഈ ഐപിഎൽ മത്സരം സാക്ഷ്യംവഹിച്ചു. ഇപ്പോഴിതാ ഗ്യാലറിയിലെ മറ്റൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
Fight Between #ONEFAMILY
Hardik Pandya fans abused Rohit Sharma fans and they were fighting yesterday.
One bad decision of Mumbai Indians managment completely broken Mumbai Indians team and divided fans in parts. pic.twitter.com/ycXLTCnlNc— Satya Prakash (@Satya_Prakash08) March 25, 2024
ആരാധകർ തമ്മിലുള്ള സംഘർഷ വീഡിയോയാണ് പ്രചരിച്ചത്. രോഹിത് ശര്‍മ -ഹാര്‍ദിക് പാണ്ഡ്യ ഫാന്‍സ് തമ്മിലുള്ള അടിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഇതിന് വ്യാഖ്യാനം നൽകിയത്. മത്സരം നടക്കുന്നതിനിടെ പത്തോ അതിലധികമോ ആളുകൾ ചേർന്നാണ് പരസ്പരം മർദ്ദിക്കുന്നത്. ഈ സമയം ഇവരെ പിടിച്ചുമാറ്റൻ പൊലീസോ മറ്റു സുരക്ഷാ ജീവനക്കാരോ ഇവിടെയുണ്ടായിരുന്നില്ല. എന്നാല്‍ ഇതിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ എവിടെയും ലഭ്യമല്ല.
മത്സരത്തിൽ പല നാടകീയ സംഭവങ്ങളും അരങ്ങേറിയിരുന്നു. ഫീൽഡിങിൽ രോഹിത് ശർമ്മയെ ബൗണ്ടറി ലൈനിലേക്ക് പറഞ്ഞയക്കുന്ന പാണ്ഡ്യയുടെ ശൈലിയും വലിയ വിമർശനത്തിനാണ് ഇടയാക്കിയത്. ഇതിന് പുറമെ മത്സരത്തിൽ മുംബൈ തോൽക്കുകയും ചെയ്തു. കൈപിടിയിലൊതുങ്ങിയെന്ന് തോന്നിപ്പിച്ച കളിയാണ് അവസാന ഓവറിലെ ഗുജറാത്തിന്റെ കൃത്യമായ ബൗളിങിൽ നഷ്ടമായത്.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങിൽ രോഹിത് ശര്‍മ- ഡെവാള്‍ഡ് ബ്രെവിസ് കൂട്ടുകെട്ടിൽ മുംബൈ മുന്നേറി. 13-ാം ഓവറില്‍ രോഹിത് പുറത്താവുമ്പോള്‍ മുംബൈക്ക് അവസാന ഓവറില്‍ ഏഴോവറില്‍ ജയിക്കാന്‍ 60 റണ്‍സ് മതിയായിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ മുംബൈ വീണ്ടും തോൽവിയോടെ ഐപിഎൽ പുതിയ സീസണ് തുടക്കമിട്ടു.