കുമ്പള : സി.പി.എം. ബന്തിയോട് ലോക്കൽ കമ്മിറ്റിയംഗം ഫാറൂഖ് ഷിറിയയെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ധാരണ. സ്വഭാവദൂഷ്യമാണ് നടപടിക്ക് കാരണമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
ഞായറാഴ്ച ചേർന്ന മഞ്ചേശ്വരം ഏരിയാ കമ്മിറ്റി യോഗ നിർദേശപ്രകാരം ലോക്കൽ കമ്മിറ്റി യോഗത്തിലും വിഷയം ചർച്ചചെയ്തു. ഇതിനുശേഷമാണ് ഇദ്ദേഹത്തിനെതിരേ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കമ്മിറ്റിയെ അറിയിക്കാൻ തീരുമാനിച്ചത്. പാർട്ടിയുടെ പ്രാഥിമികാംഗത്വത്തിൽനിന്ന് നീക്കാനാണ് ലോക്കൽ കമ്മിറ്റി യോഗതീരുമാനം. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നടപടിയിൽ അന്തിമതീരുമാനമെടുക്കുന്നത് തിരഞ്ഞെടുപ്പ് ഫലംവന്ന ശേഷമായിരിക്കുമെന്നാണ് ഏരിയാ കമ്മിറ്റി നേതൃത്വം അറിയിച്ചത്. തുടർച്ചയായുള്ള സ്വഭാവദൂഷ്യത്തിന്റെ പേരിൽ പാർട്ടിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രവർത്തകരുടെ അസംതൃപ്തി പരിഹരിക്കുന്നതിനുമാണ് നടപടി.