രണ്ടാം വിവാഹത്തിലെ ഭാര്യ ഫേസ്ബുക്കിലിട്ട വിവാഹ ചിത്രം ആദ്യ ഭാര്യ കണ്ടു, കേസ്; സ്വത്ത് ജപ്തി ചെയ്ത് കോടതി

0
171

തൊടുപുഴ: കുടുംബകോടതി വിധി ലംഘിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള സ്വത്തും സഹോദരന്റെ ഇന്നോവ കാറും കട്ടപ്പന കുടുംബകോടതി ജപ്തി ചെയ്തു. ഇടുക്കി രാജകുമാരി സ്വദേശി ക്രിസ്റ്റി പോളിൻ്റെയും പിതാവ്, മാതാവ്, സഹോദരന്‍ എന്നിവര്‍ക്കുമെതിരെയാണ് വിധി. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഭര്‍ത്താവിനെതിരെ ഭാര്യ നേരത്തെ നല്‍കിയ കേസില്‍ കുടുംബ വിഹിതമായി നല്‍കിയ തുകയ്ക്കു പുറമെ പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും, ജീവനാംശമായി പ്രതിമാസം 30,000 രൂപയും ഭാര്യക്ക് നല്‍കാന്‍ തൊടുപുഴ കുടുംബ കോടതി ജഡ്ജി പി.എന്‍. സീത വിധിച്ചിരുന്നു.

എന്നാല്‍ വിധി പ്രകാരമുള്ള തുക നല്‍കാത്തതിനാല്‍ ഹര്‍ജിക്കാരി കട്ടപ്പന കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള സ്വത്ത് പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ഇതേ തുടർന്ന് ക്രിസ്റ്റിയുടെ സഹോദരന്റെ പേരിലുള്ള ഇന്നോവ കാര്‍ കട്ടപ്പന കുടുംബ കോടതി ജഡ്ജി സുധീര്‍ ഡേവിഡിന്റെ ഉത്തരവിനെ തുടര്‍ന്നു ജപ്തി ചെയ്ത് കോടതിയില്‍ എത്തിച്ചു.

ഭര്‍ത്താവ് കാരണം കൂടാതെ ഉപേക്ഷിച്ചെന്നും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി ഫേസ്ബുക്കിലൂടെയാണ് അറിഞ്ഞതെന്നും ഭാര്യ കോടതിയെ ബോധിപ്പിച്ചിരുന്നു. ഭര്‍ത്താവില്‍ നിന്നു കുടുംബവിഹിതവും നഷ്ടപരിഹാരവും ജീവനാംശവും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്. ഭര്‍ത്താവ് രജിസ്ട്രാറെ തെറ്റിധരിപ്പിച്ച് രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്തതിനും പീഡിപ്പിച്ചതിനുമെതിരെ ഭാര്യ തൊടുപുഴ പൊലീസില്‍ നേരത്തെ കേസും നല്‍കിയിരുന്നു.

ഭാര്യക്ക് ജീവനാംശം നല്‍കാത്തതിനാല്‍ തൊടുപുഴ കുടുംബ കോടതിയില്‍ ഭര്‍ത്താവിനെതിരെ വാറണ്ടും പുറപ്പെടുവിച്ചു. ഹര്‍ജിക്കാരിക്കു വേണ്ടി അഡ്വ. ബിജു പറയന്നിലം കോടതിയില്‍ ഹാജരായി. അടുത്തിടെ നാട്ടിലെത്തി മടങ്ങിയപ്പോൾ രാജകുമാരിയിൽ നിന്ന് തന്നെയാണ് ക്രിസ്റ്റി രണ്ടാമത്തെ വിവാഹവും കഴിച്ചത്. രണ്ടാം വിവാഹത്തിലെ ഭാര്യ ഫേസ്ബുക്കിലിട്ട ചിത്രം കണ്ടാണ് ആദ്യ ഭാര്യ വിവാഹ വിവരം അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here