‘ഞങ്ങളോടൊപ്പം ചേരൂ..’; ബി.ജെ.പി സീറ്റ് നിഷേധിച്ചതിന് പിന്നാലെ വരുൺ ഗാന്ധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

0
156

ന്യൂഡൽഹി: ബി.ജെ.പി സ്ഥാനാർഥിപട്ടികയിൽ നിന്ന് വെട്ടിയതിന് പിന്നാലെ വരുൺ ഗാന്ധിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്. മഹത്തായ ഈ പാർട്ടിയിൽ ചേരാൻ വരുൺ ഗാന്ധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ഗാന്ധി കുടുംബത്തിലെ കുടുംബ വേരുകളാണ് 44കാരനായ വരുണിനെ ബി.ജെ.പി തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിലെ കാരണമെന്ന് അധിർ ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘വരുൺഗാന്ധി കോൺഗ്രസിൽ ചേരണം. വരുൺ വരുന്നത് സന്തോഷമുള്ള കാര്യമാണ്. വരുൺ നല്ല വിദ്യാഭ്യാസവും പ്രതിച്ഛായയുമുള്ള രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിന് ഗാന്ധി കുടുംബവുമായി ബന്ധമുണ്ട്. ബി.ജെ.പി അദ്ദേഹത്തിന് ടിക്കറ്റ് നൽകാത്തതിന് കാരണം ഇതാണ്’ അധിർ ചൗധരി പറഞ്ഞു.

ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നുള്ള സിറ്റിംഗ് എം.പി വരുൺ ഗാന്ധിയെ ഒഴിവാക്കിയാണ് കഴിഞ്ഞദിവസം ബി.ജെ.പി സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. കർഷക സമരത്തിനിടയിൽ കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങള നിരന്തരം വിമർശിക്കുകയും കർഷകർക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്ത വരുൺ ഗാന്ധിയെ ഇത്തവണ ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നു. രണ്ട് വട്ടം പിലിഭിത്തിനെ പ്രതിനിധീകരിച്ച വരുണിനെ ഒഴിവാക്കിയാൽ സാമാജ് വാദി പാർട്ടി സ്വന്തം സ്ഥാനാർഥിയായി രംഗത്ത്ഇറക്കാൻ തയ്യാറാണെന്നും അറിയിച്ചിരുന്നു.

കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന്,യുപി മന്ത്രിയായ ജിതിൻ പ്രസാദ ആണ് ഇവിടെ സ്ഥാനാർഥി. അയോധ്യ രാമക്ഷേത്ര ഉദ്ഘാടനം പ്രധാന അജണ്ടയായി മുന്നോട്ട് വയ്ക്കുന്ന ബി.ജെ.പിക്ക്, ടിവി സീരിയലിൽ രാമവേഷമിട്ട അരുൺ ഗോവിലിന്റെ സ്ഥാനാർഥിത്വം ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്. മീററ്റിൽ മത്സരിക്കുന്ന അരുൺ ഗോവിൽ 2021 ലാണ് ബി.ജെ.പിയിൽ ചേർന്നത്.

111 സ്ഥാനാർഥികളെയാണ് ബി.ജെ.പി ഇന്നലെ പ്രഖ്യാപിച്ചത്.ഹിമാചൽ മാന്ഡിയിൽ ഹോളിവുഡ് നടി കങ്കണ റണാവത്, ജാർഖണ്ഡിൽ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യ സിത സോറൻ എന്നിവർക്ക് ഇടം നൽകിയപ്പോൾ കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബെ,മുൻ കരസേന മേധാവിയും കേന്ദ്രമന്ത്രിയുമായിരുന്ന വി.കെ സിംഗ് എന്നിവർ പട്ടികയ്ക്ക് പുറത്താണ്. മുൻ കോൺഗ്രസ് എംപിയും വ്യവസായിയുമായ നവീൻ ജിൻഡൽ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചു മിനിട്ടുകൾക്കകമാണ് ഹരിയാന കുരുക്ഷേത്രയിൽ സീറ്റ് നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here