പൗരത്വ ​ഭേദഗതി നിയമം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, ട്രെയിൻ തടഞ്ഞു

0
95

കോഴിക്കോട്: കേന്ദ്ര സർക്കാർ പൗരത്വ ​ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, വെൽഫെയർ പാർട്ടി, എസ്.ഡി.പി​.ഐ, ഫ്രട്ടേണിറ്റി തുടങ്ങിയ വിവിധ സംഘടനകൾ തിങ്കളാഴ്ച രാത്രി പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് ​പ്രവർത്തകർ കോഴിക്കോട് ട്രെയിൻ തടഞ്ഞു. മലബാർ എക്സ്പ്രസാണ് തടഞ്ഞത്. പ്രവർത്തകർ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.

ചൊവ്വാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിന് യു.ഡി.എഫ് ആഹ്വാനം ചെയ്തു. മണ്ഡലതലങ്ങളിലാണ് പ്രതിഷേധം.

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രതിഷേധറാലി ചൊവ്വാഴ്ച നടക്കും. രാവിലെ 11ന് രക്തസാക്ഷി മണ്ഡപത്തിൽനിന്നും ആരംഭിക്കും.

കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ പന്തംകൊളുത്തി പ്രതിഷേധം നടത്തി. ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫിസിലേക്ക് മാർച്ച് നടത്തി. മലപ്പുറത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

കോഴിക്കോട് വെൽഫെയർ പാർട്ടി സി.എ.എ വിജ്ഞാപനത്തിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. കോഴിക്കോട് ആകാശവാണിയിലേക്ക് ഫ്രട്ടേണിറ്റി പ്രവർത്തകർ മാർച്ച് നടത്തി. സ്ത്രീകളടക്കമുള്ള പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിവീശുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

എസ്.ഡി.പി.ഐ എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലുവയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here