ചലഞ്ചേഴ്സ് ചാമ്പ്യൻസ്; വനിതാ പ്രീമിയർ ലീഗ് കിരീടം റോയൽ ചലഞ്ചേഴ്സിന്

0
130

ഡൽഹി: വനിതാ പ്രീമിയർ ലീ​ഗ് കിരീടം റോയൽ ചലഞ്ചേഴ്സിന്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് സ്മൃതി മന്ദാനയും സംഘവും ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 18.3 ഓവറിൽ 113 റൺസിന് എല്ലാവരും പുറത്തായി. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച റോയൽ ചലഞ്ചേഴ്സ് 19.3 ഓവറിൽ ലക്ഷ്യം കണ്ടു.

മത്സരത്തിൽ തകർപ്പൻ തുടക്കമാണ് ഡൽഹിക്ക് ലഭിച്ചത്. ഷഫാലി വർമ്മ തകർത്തടിച്ചിപ്പോൾ മെഗ് ലാന്നിങ് പിന്തുണ നൽകി. 27 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം 44 റൺസെടുത്ത് ഷഫാലി മടങ്ങി. ഒപ്പം ഡൽഹിയുടെ ബാറ്റിം​ഗ് തകർച്ചയും തുടങ്ങി. ജമീമ റോഡ്രിഗ്സിനെയും അലീസ് ക്യാപ്‌സിയെയും പൂജ്യരായി മടക്കി സോഫി മോളിനക്സ് ആഞ്ഞടിച്ചു. ഷഫാലിയുടേത് ഉൾപ്പെടെ എട്ടാം ഓവറിൽ സോഫി മൂന്ന് വിക്കറ്റ് വീഴ്ത്തി.

23 റൺസുമാായി മെഗ് ലാന്നിങ് വീണതോടെ റോയൽ ചലഞ്ചേഴ്സ് പിടിമുറുക്കി. പിന്നീട് വന്നവരിൽ 12 റൺസെടുത്ത രാധാ യാദവിനും 10 റൺസെടുത്ത അരുന്ധതി റെഡ്ഡിക്കും മാത്രമാണ് രണ്ടക്കം കടക്കാൻ കഴിഞ്ഞത്. റോയൽ ചലഞ്ചേഴ്സിനായി ശ്രേയങ്ക പാട്ടീൽ നാലും സോഫി മോളിനക്സ് മൂന്നും ശോഭന ആശ രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി പറഞ്ഞ റോയൽ ചലഞ്ചേഴ്സ് കരുതലോടെ ബാറ്റുചെയ്തു. വലിയ ഷോട്ടുകൾക്ക് ശ്രമിക്കാതെ റൺറേറ്റിൽ ശ്രദ്ധിച്ച് സ്കോർ ഉയർത്തി. 39 പന്ത് നേരിട്ടാണ് സ്മൃതി മന്ദാന 31 റൺസ് നേടിയത്. സോഫി ഡിവൈൻ 27 പന്തിൽ 32 റൺസെടുത്തു. ഇരുവരുടെയും വിക്കറ്റുകളാണ് റോയൽ ചലഞ്ചേഴ്സിന് നഷ്ടമായത്. എങ്കിലും എല്ലീസ് പെറി 37 പന്തിൽ 35, റിച്ച ഘോഷ് 14 പന്തിൽ 17 എന്നിവരുടെ പ്രകടനം റോയൽ ചലഞ്ചേഴ്സിന് കന്നികിരീടം നേടിക്കൊടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here