CAA തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടെന്ന് മുസ്‌ലിം ലീഗ്, അല്ലെന്ന് കേന്ദ്രം; സ്റ്റേ ആവശ്യത്തിൽ 19-ന് വാദം കേൾക്കും

0
120

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് മുസ്‌ലിം ലീഗ് സുപ്രീംകോടതിയില്‍. നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കിയാല്‍ അത് തിരികെ എടുക്കാന്‍ കഴിയില്ലെന്നും ലീഗ് സുപ്രീം കോടതിയില്‍ പറഞ്ഞു. എന്നാല്‍ സുപ്രീം കോടതിയിലെ ഹര്‍ജിക്കാര്‍ക്ക് ഈ വിഷയത്തില്‍ കേസ് നല്‍കാന്‍ അവകാശമില്ലെന്ന് കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി.

2019-ല്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയില്‍ നാലുവര്‍ഷവും, മൂന്ന് മാസങ്ങള്‍ക്കും ശേഷമാണ് ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത് എന്ന് മുസ്‌ലിം ലീഗിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. 2019-ല്‍ നിയമം ചോദ്യംചെയ്ത് തങ്ങള്‍ കോടതിയില്‍ എത്തിയതാണ്. അന്ന് കോടതി നോട്ടീസ് അയച്ചുവെങ്കിലും, ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാത്തതിനാല്‍ സ്റ്റേ ആവശ്യപെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തെരെഞ്ഞെടുപ്പ് അടുത്ത് എത്തിയപ്പോഴാണ് കേന്ദ്രം ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതെന്ന് സിബല്‍ ആരോപിച്ചു. ലീഗിനുവണ്ടി അഭിഭാഷകന്‍ ഹാരിസ് ബീരാനും ഹാജരായി

എന്നാല്‍, പൗരത്വ നിയമ ഭേദഗതിയില്‍ തെരെഞ്ഞെടുപ്പ് ഒരു വിഷയമല്ലെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കേസില്‍ വാദം കേള്‍ക്കുന്നതിന് എതിരല്ല. എന്നാല്‍, സുപ്രീം കോടതിയിലെ ഹര്‍ജിക്കാര്‍ക്ക് ഈ വിഷയത്തില്‍ കേസ് നല്‍കാന്‍ അവകാശമില്ലെന്ന് സോളിസിസ്റ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ചൊവ്വാഴ്ച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

അടിയന്തിമായി വാദം കേള്‍ക്കണമെന്ന് DYFI യും

നിയമം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗും, DYFI -യും ഉള്‍പ്പടെ നാല് സംഘടനകള്‍ നല്‍കിയ അപേക്ഷയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. DYFI ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.വി സുരേന്ദ്രനാഥ്, അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ ഹാജരായി. ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ഇരുവരും കോടതിയില്‍ ആവശ്യപ്പെട്ടു.

സ്റ്റേ ആവശ്യം ഉന്നയിച്ച് രമേശ് ചെന്നിത്തല, ബിനോയ് വിശ്വം തുടങ്ങിയവരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.പൗരത്വ നിയമ ഭേദഗതി ചോദ്യംചെയ്ത് 250 ഓളം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഉള്ളത്. നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളില്‍ ആണ് സുപ്രീം കോടതി ചൊവ്വാഴ്ച്ച വാദം കേള്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here