കാറിനുള്ളില്‍ മൂന്നു പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍; നിധി തട്ടിപ്പ് സംഘം അറസ്റ്റില്‍

0
317

മംഗ്‌ളൂരു: തുംകൂര്‍, കുഞ്ചാഗിയില്‍ മൂന്നു യുവാക്കളെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. കൊലപാതകത്തിന്റെ സൂത്രധാരന്‍ തുംകൂര്‍ സ്വദേശിയുമായ സ്വാമി, ഇയാളുടെ കൂട്ടാളികളായ അഞ്ചുപേരുമാണ് അറസ്റ്റിലായത്. ബെല്‍ത്തങ്ങാടി സ്വദേശികളായ ഇംതിയാസ് (34), മാദടുക്കയിലെ ഇസാഖ് (56), നാഡ സ്വദേശി ഷാഹുല്‍ (45) എന്നിവരെ വെള്ളിയാഴ്ച രാവിലെയാണ് കുഞ്ചാഗിയിലെ വിജനമായ സ്ഥലത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെള്ളം വറ്റിയ കുളത്തിലാണ് കാറും അതിനകത്തു മൃതദേഹങ്ങളും കണ്ടെത്തിയത്. കോറ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഇങ്ങനെ-

‘വീടു നിര്‍മ്മിക്കുന്നതിനു വേണ്ട മണ്ണു നീക്കം ചെയ്യുന്നതിനിടയില്‍ വന്‍ തോതില്‍ നിധി ശേഖരം കിട്ടിയിട്ടുണ്ടെന്നും കുറഞ്ഞ വിലയ്ക്കു വില്‍ക്കാന്‍ ആഗ്രഹം ഉണ്ടെന്നും പറഞ്ഞാണ് സംഘത്തലവന്‍ സ്വാമി കൊല്ലപ്പെട്ടവരെ അറിയിച്ചത്. ഇതു വിശ്വസിച്ച മൂന്നു പേരും സ്വത്തും സ്വര്‍ണ്ണവും പണയപ്പെടുത്തി അരക്കോടി രൂപയുമായാണ് യുവാക്കള്‍ കാറില്‍ യാത്ര തിരിച്ചത്.

വെള്ളിയാഴ്ച രാത്രി സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘവും നിധി വാങ്ങാന്‍ പോയവരും സംഗമിച്ചു. പിന്നീട് വെള്ളമില്ലാത്ത കുളത്തിലേയ്ക്ക് കാര്‍ ഇറക്കിവച്ചു. തുടര്‍ന്ന് യുവാക്കളുടെ കൈവശം ഉണ്ടായിരുന്ന പണം സംഘം കൈക്കലാക്കി. തുടര്‍ന്ന് കൊലപാതകം നടത്തി മൃതദേഹങ്ങള്‍ കാറിനുള്ളിലാക്കി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് കാര്‍ കത്തിപോയതെന്നു വരുത്തി തീര്‍ക്കാനും മൃതദേഹങ്ങള്‍ തിരിച്ചറിയാതിരിക്കാനുമാണ് തീയിട്ടതെന്നു സംശയിക്കുന്നു.

ആദ്യം അപകടമെന്ന നിലയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ കാറിനു സമീപത്തു പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ കാണപ്പെട്ടതാണ് സംശയത്തിനു ഇടയാക്കിയത്. സമീപ പ്രദേശത്തെ സി സി ടി വി ക്യാമറകളില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചുമാണ് കൊലയാളികളെ കണ്ടെത്തി അറസ്റ്റു ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here