പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
133

ബെംഗളൂരു∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ കോൺഗ്രസ് സ്ഥാനാർഥി സയദ് നസീർ ഹുസൈന്റെ വിജയാഘോഷത്തിനിടെ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ കേസിൽ സിദ്ധരാമയ്യ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ബിജെപിക്കു തിരിച്ചടി. 2022ൽ മണ്ഡ്യയിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ഡ്യ സ്വദേശിയായ രവിയാണ് അറസ്റ്റിലായത്. കോൺഗ്രസ് പ്രവർത്തകനായ കണ്ണമ്പാടി കുമാറിന്റെ പരാതിയിന്മേലാണ് നടപടി. 2022 ഡിസംബറിൽ പാക്ക് വിദേശകാര്യ മന്ത്രിയുടെ പരാമർശനത്തിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിനിടയിലാണ് രവി ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്നു മുദ്രാവാക്യം മുഴക്കിയത്. എന്നാൽ രവി സംഭവത്തിൽ മാപ്പു ചോദിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ 2 വർഷം മുൻപുള്ള കേസ് സിദ്ധരാമയ്യ സർക്കാർ കുത്തിപൊക്കിയതായും ബിജെപി നേതാവും മുൻ മന്ത്രിയുമായ സി.എൻ. അശ്വന്ഥ് നാരായൺ ആരോപിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രവർത്തകരുടെ വിജയാഹ്ലാദത്തിനിടെ കർണാടക നിയമസഭയിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന കേസിൽ 3 പേർ അറസ്റ്റിലായതിനു പിന്നാലെയാണ് നടപടി. എന്നാൽ കേസിൽ സയദ് നസീർ ഹുസൈൻ എംപിയെ നാലാം പ്രതിയാക്കണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര ആവശ്യപ്പെട്ടു. അന്വേഷണം പൂർത്തിയാകുന്നതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ ഹുസൈനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകറിനു കത്തെഴുതുമെന്നും വിജയേന്ദ്ര പറഞ്ഞു.

‌പാക്കിസ്ഥാൻ പ്രതിനിധികളെ പോലെയാണ് സിദ്ധരാമയ്യ സർക്കാർ പ്രവർത്തിക്കുന്നതെന്നു ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ ബെളഗാവിയിൽ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here