ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി സിപിഎമ്മിനൊപ്പം; സ്വീകരിച്ച് എംവി ഗോവിന്ദന്‍

0
204

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹിയുമായിരുന്ന എകെ നസീര്‍ സിപിഎമ്മില്‍. സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച നസീറിനെ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എകെജി സെന്ററില്‍ വച്ച് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പി രാജീവ്, മുഹമ്മദ് റിയാസ്, എം സ്വരാജ് എന്നിവരും ചടങ്ങിന്റെ ഭാഗമായി.

ന്യൂനപക്ഷങ്ങളോട് ബിജെപി നല്ല രീതിയില്‍ അല്ല പെരുമാറുന്നതെന്നും അതിനാലാണ് പാര്‍ട്ടി വിടുന്നതെന്നും എ.കെ നസീര്‍ പറഞ്ഞു. 30 വര്‍ഷത്തോളം ബിജെപി അംഗമായിരുന്നു എകെ നസീര്‍. ബിജെപി മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണ കമ്മീഷന്‍ അംഗം കൂടിയായിരുന്നു. സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെ നസീറിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം, മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും കോണ്‍ഗ്രസ് ബിജെപിയായി മാറുകയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. മതനിരപേക്ഷതക്കായി ഉറച്ച് നില്‍ക്കേണ്ട പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ അപചയത്തില്‍ ദുഃഖമുണ്ടെന്നും സിപിഎം പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ പതനം വര്‍ഗീയതക്ക് ആക്കം കൂട്ടുമെന്നതിനാല്‍ വിമര്‍ശനം കരുതലോടെ മതിയെന്ന നിലപാടിലാണ് സിപിഎം.

പത്മജക്ക് പിന്നാലെ പ്രമുഖരായ മറ്റ് പല നേതാക്കളും കോണ്‍ഗ്രസ് വിട്ട് ബിജെപി പക്ഷത്തേക്കെത്തുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. പല നേതാക്കളും ഇടത് വിമര്‍ശനവും ബിജെപി സഹകരണവും കൊണ്ട് നടക്കുകയാണ്. 13 കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിമാരും, 200 ഓളം മുന്‍ എംപിമാരും എംഎല്‍എമാരും 3 പിസിസി അധ്യക്ഷന്‍മാരും ബിജെപിയിലെത്തി. മത നിരപേക്ഷ കക്ഷികള്‍ക്ക് നല്ല സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസിന് പിടിച്ച് നില്‍ക്കാനാകുന്നില്ല. ഇതൊക്കെയാണ് യാഥാര്‍ഥ്യമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം സിപിഎം പറയും. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയെന്ന ആക്ഷേപവും ഉന്നയിക്കും. അതേസമയം തന്നെ അങ്ങനെ തകര്‍ന്ന് പോകേണ്ട പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന അഭിപ്രായവും സിപിഎമ്മിനുണ്ട്. കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് നേതാക്കള്‍ നേരെ ബിജെപിയിലേക്ക് പോകുന്നത് കേരളത്തിലെ ന്യുനപക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തേക്കടുപ്പിക്കുന്നതാണ്. അതേ സമയം തന്നെ മറുഭാഗത്ത് വര്‍ഗീയ ചേരിക്ക് ശക്തികൂടൂകയും ചെയ്യും. പിന്നീടത് വലിയ ദോഷമാകുമെന്നാണ് പശ്ചിമ ബംഗാളിലെയും ത്രിപുരയിലേയുമൊക്കെ അനുഭവം വച്ച് സിപിഎം വിലയിരുത്തുന്നത്. കോണ്‍ഗ്രസിന്റെ അപചയത്തെയും സംഘടനാ ദൗര്‍ബല്യത്തെയും വിമര്‍ശിക്കുമ്പോള്‍ ഇക്കാര്യം കൂടി മനസില്‍ വക്കണമെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ്കാലത്ത് സിപിഎം അണികള്‍ക്ക് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here