‘അല്ലാഹു അക്ബർ’ മുഴക്കി ബി.ജെ.പി തെരഞ്ഞെടുപ്പ് റാലി -വീഡിയോ

0
291

കൂച്ച് ബിഹാർ: പശ്ചിമബംഗാളിൽ ബി.ജെ.​പി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ‘അല്ലാഹു അക്ബർ’ മുദ്രാവാക്യം മുഴക്കി അണികൾ. പാർട്ടിയുടെ കൂച്ച് ബിഹാർ സ്ഥാനാർഥി നിസിത് പ്രമാണിക്കിന് വോട്ടുതേടി ബി.ജെ.പി ന്യൂനപക്ഷ മോർച്ച വ്യാഴാഴ്ച ദിൻഹതയിൽ നടത്തിയ റാലിയിലാണ് വേറിട്ട മുദ്രാവാക്യമുയർത്തിയത്.

സീതായ്, ദിൻഹത അസംബ്ലി മണ്ഡലത്തിലെ മുസ്‍ലിംകളാണ് റാലി സംഘടിപ്പിച്ചതെന്ന് ബി.ജെ.പി കൂച്ച് ബിഹാർ പ്രസിഡൻറും എം.എൽ.എയുമായ സുകുമാർ റോയ് പറഞ്ഞു. കൂച്ച് ബിഹാറിലെ മുഴുവൻ മുസ്‍ലിംകളെയും ചേർത്ത് ഉടൻ തന്നെ നഗരത്തിൽ ഒരു റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് ഭേദ്ഗുരിയിൽ മുസ്‍ലിം പഞ്ചായത്ത് സമിതി അംഗം ഉണ്ടെന്നും അതിനാൽ ഇതിൽ അസാധാരണമായി ഒന്നുമില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

കൂച്ച് ബിഹാർ ജില്ലയിലെ സുക്തബാരി പ്രദേശത്ത് നിന്നുള്ള രാജ്ബൻഷി മുസ്‍ലിംകളിൽ വലിയൊരു വിഭാഗം ഈ മാസം ആദ്യം സിലിഗുരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റാലിയിൽ പങ്കെടുത്തിരുന്നതായി ബി.ജെ.പി അനുഭാവികൾ അവകാശപ്പെട്ടു. “ഇവിടെ സ്ഥിതി മാറുകയാണ്. തൃണമൂൽ എപ്പോഴും മുസ്‌ലിംകളെ വോട്ട് ബാങ്കായി ഉപയോഗിക്കുകയായിരുന്നു. ആളുകൾ ഇപ്പോൾ ടി.എം.സിയെയാണ് വർഗീയമായി മുദ്രകുത്തുന്നത്’ -സുകുമാർ റോയ് പറഞ്ഞു.

തംലുക്ക് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി അഭിജിത് ഗംഗോപാധ്യായ പ്രചാരണത്തിനിടെ മഹിഷാദൽ ദർഗയിൽ സംഭാവന സമർപ്പിച്ചിരുന്നു. കൂടാതെ സന്ദേശ്ഖാലിയിലെ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ട സാഹചര്യത്തിൽ മുസ്‍ലിം സ്ത്രീകൾ ടിഎംസിക്കെതിരെ വോട്ട് ചെയ്യുമെന്ന് മോദിയും അടുത്തിടെ പറഞ്ഞിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് റാലികളിൽ ബി.ജെ.പി നേതാക്കൾ കടുത്ത മുസ്‍ലിം വിരുദ്ധ പ്രസ്താവനകളിലൂടെ വിവാദം സൃഷ്ടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here