ടൈംഡ്ഔട്ട് വിവാദം വീണ്ടും ആളികത്തിച്ച് ബം​ഗ്ലാദേശ്; ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ‘ഹെൽമറ്റ്’ ആഘോഷം-വീഡിയോ

0
257

ധാക്ക: ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ശ്രീലങ്കൻ ഔൾറൗണ്ടർ എയ്ഞ്ചലോ മാത്യൂസിനെ ബം​ഗ്ലാദേശ് താരങ്ങൾ ടൈംഡ്ഔട്ടിലൂടെ പുറത്താക്കിയതിന് പിന്നാലെ ഇരു ടീമുകളും തമ്മിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾ മാസങ്ങൾക്ക് ശേഷവും കെട്ടടങ്ങിയില്ല. സ്വന്തം നാട്ടിൽ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് ട്രോഫി ഏറ്റുവാങ്ങിയ ശേഷം ബം​ഗ്ലാ കളിക്കാർ ടൈംഡ് ഔട്ട് ഓർമിപ്പിച്ചത്. സീനിയർ താരം മുഷ്ഫികുർ റഹീമാണ് ഹെൽമറ്റുമായെത്തി സഹതാരങ്ങൾക്കൊപ്പം ആഘോഷിച്ചത്. ബം​ഗ്ലാദേശ് ക്യാപ്റ്റൻ നജുമുൽ ഹുസൈൻ ഷാന്റോയും സഹതാരങ്ങളും ഒപ്പം ചേർന്നു.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1 മാർജിനിലാണ് ബം​ഗ്ലാദേശ് സ്വന്തമാക്കിയത്. അവസാന മാച്ചിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 235 റൺസെടുത്തു. മറുപടി ബാറ്റിങിൽ 40.2 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ ലക്ഷ്യം കണ്ടു. തൻസിദ് ഹസൻ 84 റൺസുമായി ടോപ് സ്കോററായി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിം 37 റൺസുമായും റിഷാദ് ഹുസൈൻ 18 പന്തിൽ 48 റൺസുമായും പുറത്താകാതെ നിന്നു.

നേരത്തെ ട്വന്റി 20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ശ്രീലങ്കൻ താരങ്ങൾ ഒന്നിച്ച് ടൈംഡ്ഔട്ട് സെലിബ്രേഷൻ നടത്തിയിരുന്നു. പരമ്പരയിൽ ബം​ഗ്ലാ താരങ്ങളാണ് ആദ്യം പ്രകോപനം തീർത്തത്. തുടർന്ന് ശ്രീലങ്ക മറുപടി നൽകുകയായിരുന്നു. കഴിഞ്ഞ വർഷം നവംബർ ഏഴിന് ഡൽഹി അരുൺ ജെയിറ്റ്ലി സ്റ്റേഡിയത്തിലാണ് വിവാദ പുറത്താകലുണ്ടായത്. ഹെൽമറ്റ് പൊട്ടിയതിനെ തുടർന്ന് മാത്യൂസ് ക്രീസിലെത്താൻ വൈകുകയായിരുന്നു. ഇതോടെ അന്നത്തെ ബം​ഗ്ലാ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ടൈംഡ് ഔട്ട് ആവശ്യപ്പെടുകയായിരുന്നു. മത്സരശേഷം പരസ്പരം ഹസ്തദാനംപോലും നൽകാതെയാണ് ഇരുടീമുകളും മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here