അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടിയിൽ നിന്ന് രാജിവെച്ച അര്‍ജുന്‍ മോദ്‌വാദിയയും അംബരീഷ് ഡേറും ബിജെപിയില്‍ ചേര്‍ന്നു. ഗാന്ധിനഗറിലെ ബിജെപി സംസ്ഥാന ഓഫീസില്‍ പ്രസിഡന്റ് സിആര്‍ പാട്ടീല്‍ ഇരുവര്‍ക്കും അംഗത്വംനല്‍കി. തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും പോര്‍ബന്തര്‍ എംഎല്‍എയുമായ മോദ്‌വാദിയയും സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അംബരീഷ് ഡേറും കോണ്‍ഗ്രസ് വിട്ടത്.
മോദ്‌വാദിയ എംഎല്‍എ സ്ഥാനവും രാജിവെച്ചു. അനുയായികള്‍ക്കൊപ്പമാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇന്ത്യയെ ദൃഢമാക്കാനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമം ശക്തിപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് അർജുൻ മോദ്‌വാദിയ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാൻ ഞങ്ങൾ എല്ലാവരും ഒരുമിച്ച് പൂർണ്ണഹൃദയത്തോടെ പ്രവർത്തിക്കും. പോരായ്മകളോ കുറവുകളോ നികത്താനല്ല ഞാൻ ബിജെപിയിൽ ചേർന്നത്.
സംസ്ഥാനത്ത് ബിജെപിക്ക് ചരിത്രപരമായ ജനവിധിയുണ്ട്. രാജ്യം ഇപ്പോഴും സാമ്പത്തികവും സാമൂഹികവുമായ സ്വാതന്ത്ര്യം പൂർണ്ണമായി നേടിയിട്ടില്ല. പ്രധാനമന്ത്രി മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ മാത്രമാണ് ഇത് സംഭവിക്കുന്നതെന്ന് ഞാൻ മനസിലാക്കുന്നു”, അര്‍ജുന്‍ മോദ്‌വാദിയ പറഞ്ഞു.