അനുകൃതി കോണ്‍ഗ്രസ് വിട്ടത് ഇഡി നോട്ടീസിന് പിന്നാലെ; ബിജെപിയില്‍ ചേരുമെന്ന് സൂചന

0
130

ദില്ലി: പ്രശസ്ത മോഡലും ഉത്തരാഖണ്ഡ് മുന്‍ മന്ത്രിയുടെ മരുമകളുമായ അനുകൃതി ഗുസൈന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസിന് പിന്നാലെയാണ് അനുകൃതി കോണ്‍ഗ്രസ് വിട്ടത്. വന അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകള്‍ക്ക് മുന്‍പാണ് അനുകൃതിക്കും ഭര്‍തൃപിതാവ് ഹരാക് സിംഗ് റാവത്തിനും ഇഡി നോട്ടീസ് അയച്ചത്.

അതേസമയം, വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് കോണ്‍ഗ്രസ് വിട്ടതെന്നാണ് അനുകൃതി സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞത്. ‘വ്യക്തിപരമായ കാരണങ്ങളാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വയ്ക്കുന്നു’ എന്നാണ് അനുകൃതി ഇന്‍സ്റ്റാഗ്രാമിലൂടെ പറഞ്ഞത്.

2019ലെ കോര്‍ബറ്റ് ടൈഗര്‍ റിസര്‍വില്‍ നടന്ന മരംമുറിയുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കുമെതിരെ ഇഡിയുടെ അന്വേഷണം നടക്കുന്നത്. നേരത്തെ അനുകൃതിയുടെ സ്ഥാപനങ്ങളില്‍ ഇഡി പരിശോധനകളും നടത്തിയിരുന്നു. 2017ലെ ഫെമിന മിസ് ഇന്ത്യ ഗ്രാന്റ് ഇന്റര്‍നാഷണല്‍
ജേതാവാണ് അനുകൃതി.

LEAVE A REPLY

Please enter your comment!
Please enter your name here