ഇന്ത്യൻ താരം സർഫറാസ് ഖാന്റെ പിതാവ് നൗഷാദ് ഖാന് ഥാർ സമ്മാനിച്ച് മഹീന്ദ്ര ഗ്രൂപ്പ്. സർഫറാസ് ഖാന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന് പിറകേ നൗഷാദിന് ഥാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. സർഫറാസ് ഖാന്റെ നേട്ടങ്ങൾക്ക് പിറകിലേ ചാലകശക്തിയായി വർത്തിച്ച നൗഷാദിന് മഹീന്ദ്ര നൽകിയ ആദരത്തെ കയ്യടികളോടെയാണ് ആരാധകർ വരവേൽക്കുന്നത്.
ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാന്‍റെ അരങ്ങേറ്റത്തിന് ശേഷമാണ് നൗഷാദ് ഖാന്‍റെ പേര് വാര്‍ത്തകളില്‍ നിറയുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് തൊട്ടു മുൻപായി സർഫറാസ് ഖാന് ഇന്ത്യൻ മുൻ താരം അനിൽകുബ്ലെ ടീം ക്യാപ് സമ്മാനിക്കുമ്പോൾ തൊട്ടരികിലായി ആനന്ദാശ്രൂപൊഴിക്കുകയായിരുന്നു നൗഷാദ് ഖാൻ. ദീർഘകാലത്തെ സ്വപ്‌ന സാക്ഷാത്കാരമായി ദേശീയ ടീമിലേക്ക് മകനെ സഹ താരങ്ങൾ കൈയടികളോടെ സ്വാഗതം ചെയ്യുമ്പോൾ പിതാവിന് അത് അഭിമാന നിമിഷമായിരുന്നു. നൗഷാദ് ഖാനാണ് സർഫറാസിന് ക്രിക്കറ്റിന്റെ ബാല പാഠങ്ങൾ പകർന്നു നൽകിയത്.
ക്യാപ് സ്വീകരിച്ച ശേഷം പിതാവിന്റെ അടുത്തേക്ക് ഓടിയെത്തി സർഫറാസ് ക്യാപ് കൈമാറി. ക്യാപ് കൈയിലെടുത്ത് നൗഷാദ് ഇന്ത്യൻ ബാഡ്ജിൽ മുത്തമിട്ടു. രാജ്‌കോട്ട് നിരഞ്ജൻ ഷാ സ്‌റ്റേഡിയത്തിലുള്ളവരെല്ലാം വികാരഭരിതമായാണ് ഈ കാഴ്ചകള്‍ വീക്ഷിച്ചത്. ആദ്യ ടെസ്റ്റിൽ കെ.എൽ രാഹുലിന് പരിക്കേറ്റതോടെയാണ് 26 കാരന് ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ തുടരെ സെഞ്ചുറികൾ നേടി ഉജ്ജ്വലഫോമിൽ കളിച്ചിട്ടും താരത്തെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. എന്നാൽ ഇംഗ്ലണ്ട് പര്യടനത്തിനിടെ അപ്രതീക്ഷിതമായാണ് വിളിയെത്തിയത്. തന്‍റെ അരങ്ങേറ്റം ഗംഭീരമാക്കിയ സര്‍ഫറാസ് മൂന്നാം ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും അര്‍ധ സെഞ്ച്വറി കുറിച്ച് ഇന്ത്യന്‍ വിജയത്തിന്‍റെ നെടുംതൂണായി.
നൗഷാദിന്‍റെ പിന്തുണയാണ് സർഫറാസിന്‍റെ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് അടുത്തിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പറഞ്ഞിരുന്നു. നൗഷാദിനൊപ്പം താൻ മുമ്പ് കളിച്ചിട്ടുണ്ടെന്നും ആ ടെസ്റ്റ് ക്യാപ് അദ്ദേഹത്തിന് കൂടി അവകാശപ്പെട്ടതാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
‘സർഫറാസിന്റെ പിതാവ് ഒരു ഇടങ്കയ്യൻ ബാറ്ററായിരുന്നു. ഏറെ ആക്രമണോത്സുകമായാണ് അദ്ദേഹം ബാറ്റ് വീശാറുണ്ടായിരുന്നത്. മുംബൈയിലെ ക്രിക്കറ്റ് സർക്കിളിൽ സുപരിചിതമായ പേരായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും പിന്തുണയുമൊക്കെ സർഫറാസിന്റെ വിജയത്തിന് പിറകിലെ ചാലക ശക്തിയാണ്. അത് കൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. ഈ ടെസ്റ്റ് ക്യാപ് നിങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്’- രോഹിത് പറഞ്ഞു.
Anand Mahindra fulfilled his promise and gifted a Mahindra Thar to Sarfaraz Khan's father, Naushad. Mahindra had promised to give the gift following Sarfaraz's Test debut. His father played a key role in Sarfaraz's success and coached him right from childhood. pic.twitter.com/Ktf070Qf5U
— Sanjay Kishore (@saintkishore) March 23, 2024