ഇലക്ടറൽ ബോണ്ട് സ്വീകരിക്കാത്ത പാർട്ടികളിൽ മുസ്‌ലിം ലീഗും;സി പി എമ്മും സി പി ഐയും ബോണ്ട് സ്വീകരിച്ചില്ല

0
158

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് സ്വീകരിക്കാത്ത പാർട്ടികളിൽ മുസ്‌ലിം ലീഗും. സി.പി.എമ്മിനും സി.പി.ഐയ്ക്കും പിന്നാലെയാണു ലീഗും ബോണ്ട് സ്വീകരിച്ചിട്ടില്ലെന്ന് വിവരങ്ങൾ പുറത്തുവന്നത്.

ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട ഇലക്ടറൽ ബോണ്ട് വിവരങ്ങളിൽനിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2019 മുതലുള്ള കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ഇതിൽ ബി.ജെ.പിയായിരുന്നു ബഹുഭൂരിഭാഗവും സ്വന്തമാക്കിയത്. 6,000 കോടിയിലേറെ രൂപയാണ് ബി.ജെ.പി സ്വീകരിച്ചത്. രണ്ടാം സ്ഥാനത്ത് തൃണമൂൽ കോൺഗ്രസും മൂന്നാം സ്ഥാനത്ത് കോൺഗ്രസുമാണുള്ളത്. ബി.ആർ.എസ്സും ടി.ഡി.പിയും എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും ആം ആദ്മി പാർട്ടിയുമെല്ലാം ബോണ്ട് സ്വീകരിച്ച പാർട്ടികളുടെ കൂട്ടത്തിലുണ്ട്.

അതിനിടെ, ബോണ്ട് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിർദേശം പൂർണാർഥത്തിൽ പാലിക്കാത്തിൽ എസ്.ബി.ഐയെ സുപ്രിംകോടതി ഇന്ന് രൂക്ഷമായി വിമർശിച്ചിരുന്നു. ബോണ്ടുകളുടെ സീരിയൽ നമ്പർ പ്രസിദ്ധീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് എസ്.ബി.ഐയ്ക്ക് അയച്ച നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2019 ഏപ്രിൽ 12നാണ് ബി.ജെ.പി ആദ്യമായി ബോണ്ട് പണമാക്കുന്നത്. രാഷ്ട്രീയപാർട്ടികൾക്ക് പണം നൽകിയതിൽ രാജ്യത്തെ വൻകിട കമ്പനികളുമുണ്ട്. ഐ.ടി.സി എയർടെൽ, സൺഫാർമ, ഇൻഡിഗോ എം.ആർ.എഫ്, വേദാന്ത, മൂത്തൂറ്റ് ഫിനാൻസ്, ഡി.എൽ.എഫ്, അംബുജാ സിമന്റ്‌സ്, നവയുഗ തുടങ്ങിയ കമ്പനികളാണ് ബോണ്ട് വാങ്ങിയതെന്നാണ് ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച വിവരങ്ങളിലുളളത്. അദാനി, റിലയൻസ് കമ്പനികളുടെ പേര് ലിസ്റ്റിലില്ല.

ഏറ്റവുമധികം സംഭാവന നൽകിയത് സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽസർവീസസ് പി.ആർ എന്ന കമ്പനിയാണ്. 1,368 കോടി രൂപയുടെ ബോണ്ടുകളാണ് വാങ്ങിയത്. ഇ.ഡി നടപടി നേരിട്ട കമ്പനിയാണിത്. മേഘ എഞ്ചിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 980 കോടി വാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here