ഐ.പി.എൽ വാതുവെപ്പിൽ ഭർത്താവിന് ഒന്നരക്കോടി നഷ്ടം; വായ്പക്കാരുടെ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി

0
166

ബംഗളൂരു: ഐ.പി.എൽ വാതുവെപ്പിൽ ഭർത്താവിന് ഒന്നരക്കോടി രൂപ നഷ്ടമായതിനു പിന്നാലെ യുവതി ജീവനൊടുക്കി. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി ദര്‍ശന്‍ ബാബുവിന്റെ ഭാര്യ രഞ്ജിത (23) യാണ് ഭർത്താവിന് പണം നൽകിയവരുടെ ശല്യം സഹിക്കാനാവാതെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്.

രഞ്ജിതയുടെ ഭര്‍ത്താവ് ഹൊസദുര്‍ഗയിലെ ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറാണ്. 2021 മുതല്‍ ദർശൻ ഐ.പി.എല്‍ വാതുവെപ്പില്‍ സജീവമാണ്. പലരിൽനിന്ന് പണം കടം വാങ്ങിയും വസ്തുക്കൾ ഈട് നൽകിയുമാണ് വാതുവെപ്പിൽ പങ്കെടുത്തിരുന്നത്. വാതുവെപ്പില്‍ പരാജയപ്പെട്ടതോടെ ഇതെല്ലാം നഷ്ടമായി. ഇതിലൂടെ ഏകദേശം ഒരുകോടിയോളം രൂപയുടെ കടബാധ്യതയാണ് ഇദ്ദേഹത്തിനുണ്ടായത്.

ഇതോടെ കുടുംബത്തിന്‍റെ സാമ്പത്തിക നില താറുമാറായി. കടം വാങ്ങിയ പണത്തില്‍ ഒരുകോടിയോളം രൂപ തിരിച്ചുനല്‍കിയിരുന്നു. എന്നാല്‍, 84 ലക്ഷത്തോളം രൂപ ഇനിയും തിരികെ നൽകാനുണ്ടെന്നും രഞ്ജിതയുടെ കുടുംബം പറഞ്ഞു. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതിരുന്നതോടെ കുടുംബത്തിന് നേരെ വായ്പക്കാരുടെ ശല്യം അസഹ്യമായെന്നും തുടർന്നാണ് രഞ്ജിത ജീവനൊടുക്കിയതെന്നും കുടുംബം വ്യക്തമാക്കി.

പണം വായ്പ നല്‍കിയവരുടെ നിരന്തരമായ ഉപദ്രവമാണ് മകളുടെ ആത്മഹത്യക്ക് കാരണമെന്ന് രഞ്ജിതയുടെ പിതാവ് വെങ്കിടേഷ് പൊലീസിൽ നൽകിയ പരാതിയില്‍ പറയുന്നു. 2020ലാണ് ദര്‍ശനും രഞ്ജിതയും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് രണ്ടുവയസുള്ള മകനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here