ആകെ 97 കോടി വോട്ടര്‍മാർ; 47 കോടി സ്ത്രീകൾ, 50 കോടി പുരുഷന്മാർ

0
130

ഡൽഹി: രാജ്യം തെരഞ്ഞെടുപ്പിന് പൂർണ്ണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. എല്ലാ തെരഞ്ഞെടുപ്പും പുതിയ പരിക്ഷയാണ്. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് മുദ്രാവാക്യം. ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തി. എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായുള്ള വാർത്താസമ്മേളനത്തിലാണ് പരാമർശം.

97 കോടി വോട്ടര്‍മാരാണ് രാജ്യത്ത് ഇക്കുറി വോട്ടവകാശം രേഖപ്പെടുത്തുക. 47.1 കോടി സ്ത്രീ വോട്ടർമാരാണ്. 49.7 കോടിയാണ് പുരുഷ വോട്ടർമാർ. 48000 ട്രാൻസ്ജെൻഡേഴ്സും വോട്ട് രേഖപ്പെടുത്തും. 1.8 കോടി പേർ കന്നി വോട്ടർമാരാണ്. 19.7 കോടി വോട്ടർമാരും 20 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവരാണ്. 85 വയസ്സിനു മുകളിൽ 82 ലക്ഷം വോട്ടർമാരാണുള്ളത്. പത്തരലക്ഷം പോളിങ് സ്റ്റേഷനുകളുണ്ട്. 55 ലക്ഷം ഇ.വി.എമ്മുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.

“വനിതാ, യുവ പ്രതിനിധ്യം തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വർധിക്കുന്നു. കമ്മീഷൻ്റെ ബോധവൽക്കരണം ലക്ഷ്യം കണ്ടു. വോട്ടർപട്ടിക കുറ്റമറ്റതാക്കാൻ കാര്യക്ഷമമായ ശ്രമം നടന്നു. ഏപ്രിൽ ഒന്നിന് 18 വയസ് പൂർത്തിയാകുന്നവർക്ക് അടക്കം വോട്ട് ചെയ്യാനാകും. 85 വയസ്സിനു മുകളിൽ ഉള്ളവർക്ക് വീട്ടിൽ നിന്ന് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കും. പോളിങ് സ്റ്റേഷനുകളിൽ ശുചിമുറി, വീൽചെയർ, ഹെൽപ് ഡസ്ക് സൗകര്യമുണ്ടാകും. ഭിന്നശേഷിക്കാർക്കും വീട്ടിൽ വോട്ട് ചെയ്യാനാകും. എല്ലാ ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും”

“വോട്ടർമാർക്ക് പരാതി അറിയിക്കാൻ ‘cVIGIL’ മൊബൈൽ ആപ്പ് സംവിധാനമൊരുക്കും. ഇതിലൂടെ 100 മിനിറ്റിനകം പരിഹാരമുണ്ടാക്കാൻ സാധിക്കും. വോട്ടർ ഐഡി മൊബൈലിൽ ഡൗൺലോഡ് ചെയ്യാം. സ്ഥാനാർഥികളെ കുറിച്ചുള്ള വിവരങ്ങളും അറിയാം. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം വോട്ടേഴ്സിന് അറിയാൻ സാധിക്കും. ക്രമക്കേടുകൾ പരിശോധിക്കാൻ ജില്ലകളിൽ മുഴുവൻ സമയ കൺട്രോൾ റൂമും പ്രവർത്തിക്കും. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണവുമുണ്ടാകും. പ്രശ്നബാധിത ബൂത്തുകളിൽ വെബ്ബ് കാസ്റ്റിങ് സംവിധാനവുമൊരുക്കും. പണമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തടയും. 11 നിയമസഭാ തെരഞ്ഞെടുപ്പുകളിലായി 3400 കോടിയാണ് പിടിച്ചെടുത്തു”

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യം, പണം ഉള്‍പ്പെടെ നല്‍കുന്നത് കര്‍ശനമായി നിരോധിക്കും. സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളിൽ കർശന നടപടി സ്വീകരിക്കും. ആക്രമണങ്ങളിൽ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പാടില്ല. ജാതിയുടേയും മതത്തിൻ്റെയും പേരിൽ വോട്ട് ചോദിക്കരുത്. എതിരാളികളെ മോശമായി ചിത്രീകരിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ പാടില്ല. കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കരുത്. ഇതിനായി 2100 നിരീക്ഷകരെ നിയമിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.

വിഗ്യാന്‍ ഭവനിലാണ് വാര്‍ത്താസമ്മേളനം. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിങ് സന്ധുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here