കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെക്കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് സത്യവാങ്മൂലം വാങ്ങിക്കുന്നത് നിര്‍ത്തിവച്ചു. പ്രതിജ്ഞ ചെയ്യിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ നടപടി. ഈ വോട്ടര്‍ ബോധവത്ക്കരണ പരിപാടി നിര്‍ത്തി വയ്ക്കാന്‍ സ്വീപ് നോഡല്‍ ഓഫീസര്‍ക്കാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
കാസര്‍കോട് ജില്ലാ ഭരണകൂടവും ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവുമാണ് സത്യവാങ്മൂലം തയ്യാറാക്കി വിദ്യാലയങ്ങള്‍ക്ക് കൈമാറിയത്. ഉത്തരവാദിത്തപ്പെട്ട പൗരന്‍ എന്ന നിലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ട് രേഖപ്പെടുത്താന്‍ വീട്ടുകാരെ പ്രേരിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി വിദ്യാര്‍ത്ഥി ഒപ്പിടണം എന്നായിരുന്നു നിര്‍ദ്ദേശം. 26 ന് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും നിശ്ചിത മാതൃകയില്‍ പ്രതിജ്ഞ തയ്യാറാക്കണമെന്നായിരുന്നു നിര്‍ദേശം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രക്ഷിതാവും വിദ്യാര്‍ത്ഥിയും നിര്‍ബന്ധമായും ഒപ്പിട്ട് നല്‍കണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സത്യവാങ്മൂലം വാങ്ങുന്നത് നിര്‍ത്തിവെച്ചത്.
ജില്ലയിലെ സ്വീപ്പ് കോര്‍കമ്മിറ്റി തീരുമാന പ്രകാരമാണ് വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും പ്രതിജ്ഞ ചെയ്യിപ്പിക്കുന്നത്. ഒപ്പ് വച്ച സത്യവാങ്മൂലം പ്രധാന അധ്യാപകന്‍ തിരികെ കൈപ്പറ്റി ബൂത്തുതല ഓഫീസര്‍മാരെ ഏല്‍പ്പിക്കണമെന്നായിരുന്നു ഔദ്യോഗിക നിര്‍ദേശം. എന്നാല്‍, വോട്ട് ചെയ്യുന്ന പോലെ തന്നെ ചെയ്യാതിരിക്കാനുള്ള അവകാശവും പൗരനുണ്ടെന്നും നിര്‍ബന്ധിച്ച് പ്രതിജ്ഞ ചെയ്യിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു ഉയര്‍ന്ന എതിര്‍ വാദം.