കോഴിക്കോട്: റിയാസ് മൗലവി വധക്കേസിൽ പ്രതികൾ കുറ്റവിമുക്തരായതിൽ പ്രതിഷേധവുമായി മുസ്‍ലിം മതസംഘടനകൾ. സംഘപരിപാർ ബന്ധമുള്ള കേസുകളെ പൊലീസ് ലഘൂകരിച്ച് കാണുന്നതായാണ് പ്രധാന ആക്ഷേപം. പൊലീസ് പ്രതികളെ സഹായിച്ചെന്ന് ജമാഅത്തെ ഇസ്‍ലാമി കുറ്റപ്പെടുത്തി.
പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പുറത്തുവന്നതിന് പിന്നാലെ വൈകാരികമായ പ്രതികരണമാണ് മുസ്‍ലിം സംഘടനകളുടെ ഭാഗത്തു നിന്ന് സാമൂഹിക മാധ്യമങ്ങളിലും പുറത്തുമെല്ലാം ഉണ്ടായിരിക്കുന്നത്. സംഘപരിവാർ പ്രവർത്തകർ പ്രതികളാവുന്ന കേസുകളിൽ ചില നീക്കുപോക്കുകൾ നടക്കുവെന്ന തരത്തിൽ വിമർശനങ്ങൾ ഉയരുന്നു. മറ്റുള്ളവർ കൊല്ലപ്പെടുന്ന കേസുകളിൽ ഉണ്ടാവുന്ന സമീപനമല്ല, സംഘപരിവാർ അനുകൂലികൾ കൊല്ലപ്പെടുമ്പോൾ പൊലീസിൽ നിന്ന് ഉണ്ടാവുന്നതെന്നും ഉൾപ്പെടെ പലതരത്തിലുള്ള ആക്ഷേപങ്ങളാണ് ഉന്നയിക്കപ്പെടുന്നത്.
സംഘപരിവാറുമായി ഒത്തുകളിച്ചുവെന്ന ആരോപണം രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ മത സംഘനകളും ഉന്നയിക്കുന്നു. ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള ചില സംഘനകളുടെ നേതാക്കൾ പരസ്യമായ വിമർശനം ഉന്നയിച്ചുകഴിഞ്ഞു. യുഡിഎഫിലെ പ്രധാന നേതാക്കൾക്ക് പുറമെ രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ഉൾപ്പെടെയുള്ള യുവനേതാക്കളും പി.കെ ഫിറോസിനെപ്പോലുള്ള യൂത്ത് ലീഗ് നേതാക്കളും രൂക്ഷമായ പ്രതികരണങ്ങൾ നടത്തി.
എവിടെയാണ് വീഴ്ച പറ്റിയതെന്ന സംശയം പ്രോസിക്യൂഷൻ പ്രകടിപ്പിക്കുമ്പോൾ തന്നെ പോരായ്മകൾ അക്കമിട്ട് നിരത്തി പൊലീസിനെതിരായ കുറ്റപത്രം പോലെയാണ് കോടതി വിധിയും പുറത്തുവന്നിട്ടുള്ളത്. തെളിവുകളിലെയും സാക്ഷികളെയും അവിശ്വസനീയതയും പ്രതികൾക്കെതിരായ കുറ്റങ്ങൾ എങ്ങനെ നിലനിൽക്കാതിരിക്കുന്നു എന്നുള്ളതുമൊക്കെ കോടതി വിധിയിൽ വിശദീകരിക്കുന്നുണ്ട്. കേസിന്റെ അടുത്ത ഘട്ടത്തിൽ അപ്പീലുമായി മുന്നോട്ട് നീങ്ങുമ്പോൾ ഇവ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും സജീവമായി ഉയരുന്നുമുണ്ട്.