കൊച്ചി: കാസർകോട്ടെ വ്യവസായി മുഹമ്മദ് ഹാഫിസ് 107 കോടി തട്ടിയെടുത്തെന്ന കേസുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷണം കർണാടക രാഷ്ട്രീയബന്ധങ്ങളിലേക്ക്. മുഹമ്മദ് ഹാഫിസും കർണാടകയിലെ കോൺഗ്രസ് എം.എൽ.എ. എൻ.എ. ഹാരിസിന്റെ മകൻ മുഹമ്മദ് ഹാരിസ് നാലപ്പാടും അടുത്തസുഹൃത്തുക്കളാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
ഹാരിസിന്റെ എം.എൽ.എ. സ്റ്റിക്കർ പതിച്ച വാഹനത്തിലായിരുന്നു ഹാഫിസിന്റെ സഞ്ചാരം. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നാഫി മുഹമ്മദ് നാസർ എന്ന വ്യക്തിയുടെ പേരിലാണ്. ഇയാൾ കർണാടക കോൺഗ്രസ് രാഷ്ട്രീയത്തിൽ പിന്നണിയിൽനിന്നു ചരടുവലിക്കുന്ന പ്രധാനികളിലൊരാളാണ്. ഹാരിസിന്റെ രാഷ്ട്രീയസഹായിയുമാണ്.
മുഹമ്മദ് ഹാരിസ് തട്ടിയെടുത്ത പണം കർണാടക രാഷ്ട്രീയത്തിലേക്ക് ഒഴുക്കിയിട്ടുണ്ടോയെന്ന സംശയവും അന്വേഷണസംഘം ഉന്നയിക്കുന്നു.
ദുബായിൽ വ്യവസായിയായ ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസനിൽനിന്ന്, മരുമകനായ മുഹമ്മദ് ഹാഫിസ് പലപ്പോഴായി 107 കോടിയോളം രൂപ തട്ടിയെടുത്തിരുന്നു. ഈ സംഭവത്തിലും ഗോവ-കർണാടക ചുമതലയുള്ള ആദായനികുതി ചീഫ് കമ്മിഷണറുടെ വ്യാജ ലെറ്റർഹെഡ് നിർമിച്ച് പണം തട്ടിയ കേസിലുമാണ് അന്വേഷണം. കഴിഞ്ഞയാഴ്ച ബെംഗളൂരു, ഗോവ, കാസർകോട് എന്നിവിടങ്ങളിൽനടന്ന റെയ്ഡിൽ മുഹമ്മദ് ഹാഫിസിന്റെയും കൂട്ടരുടെയും 4.53 കോടി രൂപയും 209 പവനും മരവിപ്പിച്ചിരുന്നു. ഇവ കണ്ടുകെട്ടാനുള്ള നടപടിയിലേക്ക് അന്വേഷണസംഘം ഉടൻ കടക്കും.
കർണാടക ശാന്തിനഗർ മണ്ഡലം എം.എൽ.എ.യായ എൻ.എ. ഹാരിസിന് കർണാടക നിയമസഭ നൽകിയ സ്റ്റിക്കറാണ് മുഹമ്മദ് ഹാഫിസിന്റെ വാഹനത്തിൽ പതിച്ചിരുന്നത്. വാഹനം എം.എൽ.എ.യുടെ മകൻ മുഹമ്മദ് ഹാരിസിൽനിന്നു വാങ്ങിയതാണെന്ന് ചോദ്യംചെയ്യലിൽ പ്രതി വെളിപ്പെടുത്തി. കർണാടക യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറികൂടിയാണ് മുഹമ്മദ് ഹാരിസ്.
ശാന്തിനഗർ മണ്ഡലത്തിൽ ഹാരിസിനോട് തോറ്റ ബി.ജെ.പി. സ്ഥാനാർഥി കെ. ശിവകുമാർ തിരഞ്ഞെടുപ്പ് ഹർജി കർണാടക ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്. ഹാരിസിന്റെ നാമനിർദേശ പത്രികയിലെ പിഴവ് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. അതിനിടെയാണ് ഇ.ഡി. കേസും വന്നിരിക്കുന്നത്.
എം.എൽ.എ., മകൻ മുഹമ്മദ് ഹാരിസ് നാലപ്പാട്, നാഫി മുഹമ്മദ് നാസർ എന്നിവരെ ചോദ്യംചെയ്യാൻ കൊച്ചി ഇ.ഡി. ഓഫീസിലേക്ക് വിളിച്ചുവരുത്തുമെന്നാണ് സൂചന.