ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള 50 ലക്ഷം കവര്‍ന്നത് ഒരാളല്ല, സംഘമെന്ന് നിഗമനം; അന്വേഷണം കര്‍ണാടകത്തിലേക്കും

0
163

കാസര്‍കോട്: ഉപ്പളയില‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന അരക്കോടി രൂപ കവര്‍ന്ന സംഭവത്തില്‍ കര്‍ണാടകത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പണം കൊണ്ടുപോകുമ്പോഴുണ്ടായ സുരക്ഷാ വീഴ്ചയും സംഭവത്തിലെ ദുരൂഹതകളും ഏറെ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ മോഷണം ആസൂത്രിതമാണെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണസംഘം. കവര്‍ച്ച നടത്തിയത് ഒരാളാണെന്ന് പറയുമ്പോഴും അയാള്‍ തനിച്ചായിരിക്കില്ല, പിറകിലൊരു സംഘം തീര്‍ച്ചയായും കാണുമെന്നും അന്വേഷണ സംഘം ഉറച്ചുവിശ്വസിക്കുന്നുണ്ട്.

ഇന്നലെ ഉച്ചയ്ക്കാണ് ഉപ്പളയിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ട് വന്ന അരക്കോടി രൂപ വാഹനത്തില്‍ നിന്ന് കവര്‍ന്നത്. വാഹനം നിര്‍ത്തിയശേഷം സമീപത്തെ എടിഎമ്മില്‍ സ്വകാര്യ കമ്പനി ജീവനക്കാരൻ പണം നിറയ്ക്കുന്ന സമയത്ത് വാഹനത്തിനടുത്തെത്തിയ മോഷ്ടാവ് ഗ്ലാസ് തകര്‍ത്ത് പണമടങ്ങിയ ബോക്സുമായി സ്ഥലം വിടുകയായിരുന്നു.

വാഹനത്തിന്‍റെ സീറ്റിലായിരുന്നു ബോക്സുണ്ടായിരുന്നത്. ഒരു ഉദ്യോഗസ്ഥനും വാഹനത്തിന്‍റെ ഡ്രൈവറും മാത്രമായിരുന്നു ആകെ വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. ഇരുവരും സംഭവം നടക്കുമ്പോള്‍ സമീപത്തെ എടിഎമ്മിലായിരുന്നു. സുരക്ഷാ ജീവനക്കാരനുണ്ടായിരുന്നില്ലെന്നും വിവരമുണ്ട്.

ഇക്കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. വാഹനത്തില്‍ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാതിരുന്നതെന്ത്, വാഹനത്തിന്‍റെ ഇരുവശത്തെയും ഇരുമ്പ് ഗ്രിൽ ഒരേസമയം കേടായത് എന്തുകൊണ്ട്, മൂന്ന് പേര്‍ വേണ്ടിടത്ത് രണ്ട് പേര്‍ മാത്രം പണം കൊണ്ടുവന്നത് എന്തുകൊണ്ട്, സ്വകാര്യ ഏജൻസിയുടെ വാഹനത്തെ പിന്തുടർന്ന വാഹനങ്ങള്‍ ഏത് എന്നെല്ലാം പല ചോദ്യങ്ങളും ഉയരുന്നുണ്ട്.

സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സംസ്ഥാനാതിര്‍ത്തി വിട്ടും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here