‘വിധി ആരാധനാലയ നിയമലംഘനം, ജഡ്ജി വിരമിക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസമാണ് വിധി പറഞ്ഞത്’; ഗ്യാൻവാപി കേസിൽ ഉവൈസി

0
91

ന്യൂഡൽഹി:ഗ്യാൻവാപി മസ്ജിദ് കോംപ്ലക്‌സിൽ പൂജ നടത്താൻ അനുമതി നൽകിയ വിധിക്കെതിരെ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) പ്രസിഡൻറ് അസദുദ്ദീൻ ഉവൈസി. കോംപ്ലക്‌സിലെ വ്യാസ് കാ തെഖാന(നിലവറ) ഭാഗത്ത് ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ വാരണാസി കോടതി വിധി 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

‘വിരമിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസമാണ് ജഡ്ജി വിധി പറഞ്ഞത്. ജനുവരി 17ന് ജഡ്ജി ജില്ലാ മജിസ്‌ട്രേറ്റിനെ റസീവറായി നിയമിച്ചു. ഒടുവിൽ നേരിട്ട് വിധി പറഞ്ഞു. 1993 മുതൽ ഇവിടെ ഒരു പ്രാർത്ഥനയും നടന്നിട്ടില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞു. അതായത് 30 വർഷം. അതിനകത്ത് വിഗ്രഹമുണ്ടെന്ന് അദ്ദേഹത്തിന് എങ്ങനെ അറിയാം. ഇത് ആരാധനാലയ നിയമത്തിന്റെ ലംഘനമാണ്’ ഉവൈസി വിമർശിച്ചു. ഇത് തെറ്റായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഴു ദിവസം കൊണ്ട് ഗ്രില്ലുകൾ തുറന്നു നൽകണമെന്ന വിധിയെയും ഉവൈസി വിമർശിച്ചു. അപ്പീൽ നൽകാനായി 30 ദിവസമെങ്കിലും നൽകേണ്ടിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.

‘ആരാധനാലയ നിയമത്തിനൊപ്പം നിൽക്കുമെന്ന് മോദി സർക്കാർ പറയാത്തത് വരെ ഇത് തുടരും. ബാബരി മസ്ജിദ് കേസിന്റെ വിധി വേളയിൽ ഞാൻ ഈ ആശങ്ക ഉന്നയിച്ചിരുന്നു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനമാണ് ആരാധനാലയ നിയമം, പിന്നെ എന്തുകൊണ്ട് കീഴ്‌ക്കോടതികൾ ഉത്തരവ് പാലിക്കുന്നില്ല?’ ഉവൈസി ചോദിച്ചു.

കോടതി വിധിക്കെതിരെ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഉവൈസി പറഞ്ഞു. മസ്ജിദ് കോംപ്ലക്‌സിനകത്ത് വ്യാസ് കാ തെഖാന ഭാഗത്ത് പൂജ നടത്താൻ ബുധനാഴ്ചയാണ് വാരണാസി ജില്ലാ കോടതി അനുമതി നൽകിയത്. ഏഴു ദിവസത്തിനുള്ളിൽ ഇതിന് വേണ്ട കാര്യങ്ങൾ ചെയ്യാൻ ജില്ലാ ഭരണകൂടത്തോട് കോടതി നിർദേശിച്ചു.

‘ഏഴു ദിവസത്തിനുള്ളിൽ പൂജ ആരംഭിക്കും. എല്ലാവർക്കും പൂജ ചെയ്യാൻ അവകാശമുണ്ടാകും’ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയ്ൻ പറഞ്ഞു.

ഗ്യാൻവാപി മസ്ജിദിന് താഴെ നാല് നിലവറകളാണുള്ളത്. ഇതിൽ ഒരെണ്ണം വ്യാസ് കുടുംബത്തിന്റെ അധീനതയിലാണെന്നും പരമ്പരാഗതമായി ഇവിടെ പൂജ നടന്ന് വന്നിരുന്നുവെന്നും ചൂണ്ടിക്കാട്ടി വ്യാസ് കുടുംബാംഗമാണ് കോടതിയെ സമീപിച്ചത്.

പൂജനടത്താൻ ഹിന്ദുകൾക്ക് പ്രവേശനം അനുവദിക്കുന്നതിനായി ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സർവ്വേക്കായി സുപ്രിംകോടതി നിർദ്ദേശ പ്രകാരം ഈ നിലവറ സീൽ ചെയ്തിരിക്കുകയാണ്.

അതിനിടെ, ഗ്യാൻവാപി മസ്ജിദ് വുദുഖാനയിലെ ശിവലിംഗം എന്ന് അവകാശപ്പെടുന്ന ഭാഗത്തിന്റെ കാലപ്പഴക്കം നിർണയിക്കുന്നതിന് സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരായ നാല് വനിതകൾ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

വുദുഖാന ഒഴികെയുള്ള ഭാഗങ്ങളിൽ കോടതി നിർദേശപ്രകാരം നടത്തിയ സർവേ റിപ്പോർട്ട് നേരത്തേ എ.എസ്.ഐ ജില്ലാ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് കോടതികൾ നൽകാൻ കോടതി അനുമതി നൽകുകയും ചെയ്തിരുന്നു. 17-ാം നൂറ്റാണ്ടിൽ നിർമിച്ച ഗ്യാൻവാപി പള്ളിയുടെ അടിയിൽ വലിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്നാണ് എ.എസ്.ഐ റിപ്പോർട്ടിൽ പറയുന്നത്.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പിന്നാലെയാണ് കോടതി സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച വുദൂഖാന കൂടി സർവേയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഹരജിക്കാർ സുപ്രിംകോടതിയിലെത്തിയത്. നമസ്‌കാരത്തിനായി വിശ്വാസികൾ അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന വുദുഖാനയിലെ ജലധാരയാണ് ശിവലിംഗമെന്ന് അവകാശപ്പെടുന്നതെന്നാണ് മുസ്ലിം വിഭാഗത്തിന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here