നെടുങ്കയത്ത് ക്യാമ്പിനെത്തിയ രണ്ടു വിദ്യാർഥിനികൾ കരിമ്പുഴയിൽ മുങ്ങിമരിച്ചു

0
161

നിലമ്പൂർ: കരുളായി വനം റെയ്ഞ്ചിലെ നെടുങ്കയത്ത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ രണ്ടു വിദ്യാർഥിനികൾ സമീപത്തെ കരിമ്പുഴയിൽ മുങ്ങിമരിച്ചു. കുറുങ്കാട് കൻമനം പുത്തൻവളപ്പിൽ അബ്ദുൾറഷീദിന്റെ മകൾ ആയിഷ റിദ (13), പുത്തനത്താണി ചെല്ലൂർ കുന്നത്തുപീടിയേക്കൽ മുസ്തഫയുടെ മകൾ ഫാത്തിമ മൊഹ്‌സിന (11) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ദുരന്തം.

തിരൂർ ഉപജില്ലയിലെ കൽപ്പകഞ്ചേരി കല്ലിങ്ങപ്പറമ്പ് എം.എസ്.എം.എച്ച്.എസ്. സ്‌കൂളിലെ ഒമ്പതും ആറും ക്ലാസുകളിൽ പഠിക്കുന്നവരാണ് മരിച്ച വിദ്യാർഥിനികൾ.

സ്കൂളിലെ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ ക്യാമ്പിനെത്തിയതായിരുന്നു 49 വിദ്യാർഥികളും എട്ട് അധ്യാപകരുമടങ്ങിയ സംഘം. 33 പെൺകുട്ടികളും 16 ആൺകുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ സ്കൂളിൽനിന്ന് പുറപ്പെട്ട സംഘം നിലമ്പൂരിലെ കനോലി പ്ലോട്ടിലും തേക്ക് മ്യൂസിയത്തിലും സന്ദർശനം നടത്തി ഉച്ചയ്ക്കുശേഷം നാലുമണിയോടെയാണ് കരുളായി വനത്തിനകത്തുള്ള നെടുങ്കയം വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയത്. അവിടെ താമസിക്കാനുള്ള അനുമതി വനംവകുപ്പിൽനിന്ന് വാങ്ങിയശേഷം ക്യാമ്പൊരുക്കുന്നതിനിടെ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. നെടുങ്കയം പാലത്തിന്റെ താഴ്ഭാഗത്ത് ആൺകുട്ടികളും മുകൾഭാഗത്ത് പെൺകുട്ടികളുമാണ് കുളിക്കാനിറങ്ങിയതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ പെൺകുട്ടികൾ ഇറങ്ങിയ ഭാഗം അപകടമേഖലയായിരുന്നു. ഇവിടെ പുഴയിൽ ഇറങ്ങരുതെന്ന് വനം വകുപ്പ് ബോർഡ് വെച്ച സ്ഥലമാണിത്. വലിയ കയമുള്ള ഇവിടെ പുഴയിലിറങ്ങിയ കുട്ടികളിൽ മൂന്നുപേർ മുങ്ങിത്താഴുന്നത് കണ്ട് അധ്യാപകർ ഓടിയെത്തി പുഴയിലിറങ്ങി ഇവരെ പുറത്തെടുത്തു. ഉടൻ അതുവഴി വന്ന വാഹനത്തിൽ കരുളായിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുവന്ന വാഹനത്തിൽവെച്ചും കുട്ടികൾക്ക് കൃത്രിമശ്വാസം നൽകാൻ ശ്രമിച്ചതായി വാഹനത്തിന്റെ ഡ്രൈവർ ചെറി പറഞ്ഞു. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ആയിഷ റിദയുടെ മാതാവ് റസീന. സഹോദരങ്ങൾ: റിൻസ, റിൻസിൽ. ഫാത്തിമ മൊഹ്സിനയുടെ മാതാവ് ആയിഷ. സഹോദരങ്ങൾ: മുർഷിദ്, മുർഷിദ.

LEAVE A REPLY

Please enter your comment!
Please enter your name here