ഫോണിലേക്ക് അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ ആരുടേതാണെന്ന് കണ്ടെത്താൻ ഒരു സഹായിക്കുന്ന ആപ്പാണ് ട്രൂകോളർ. സമാന സേവനം നൽകുന്ന മറ്റ് ആപ്പുകൾ വളരെ കുറവായതിനാൽ കോടിക്കണക്കിന് യൂസർമാരാണ് ഇന്ത്യയിൽ ട്രൂകോളറിനുള്ളത്. മാത്രമല്ല, ജങ്ക് കോളുകളും മാർക്കറ്റിങ് കോളുകളുമൊക്കെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകാനും ആപ്പിന് കഴിയും.
എന്നാൽ, ഫോണിലെ കോൺടാക്ട് നമ്പറുകളിലേക്ക് പ്രവേശനം നൽകിയാൽ മാത്രമാണ് ട്രൂകോളർ പ്രവർത്തിക്കുക. അതുകൊണ്ട് തന്നെ ഡാറ്റാ മോഷണം പോലുള്ള ആരോപണങ്ങൾ ആപ്പ് കാലങ്ങളായി നേരിടുന്നുണ്ട്. മാത്രമല്ല, ട്രൂകോളർ അനാവശ്യ പരസ്യങ്ങൾ പ്രദർശിപ്പിച്ച് ശല്യക്കാരനാകാറുമുണ്ട്.
മറ്റ് വഴിയില്ലാത്തത് കൊണ്ട് മാത്രമാണ് ആളുകൾ ഈ ആപ്പ് ഫോണിൽ നിന്നും നീക്കം ചെയ്യാതിരിക്കുന്നത് പോലും. എന്നാൽ, സമീപഭാവിയിൽ തന്നെ നമുക്ക് ഈ തേർഡ് പാർട്ടി ആപ്പിന്റെ സേവനം സ്വീകരിക്കുന്നത് നിർത്താൻ കഴിഞ്ഞേക്കും.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ പുതിയ നിര്‍ദേശം നടപ്പിലാവുകയാണെങ്കില്‍ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് ഇനി ട്രൂകോളറിന്റെ ആവശ്യംവരില്ല. കാരണം, വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള കോളര്‍ ഐഡറ്റിഫിക്കേഷന്‍ ഉടൻ നടപ്പാക്കണമെന്ന് എല്ലാ ടെലികോം സേവനദാതാക്കളോടും നിര്‍ദേശിച്ചിരിക്കുകയാണ് ട്രായ്. രണ്ട് വര്‍ഷം മുമ്പ് തന്നെ ട്രാൾ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ഇപ്പോഴാണ് അത് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നത്.
സിം എടുക്കുന്ന സമയത്ത് നിങ്ങൾ നല്‍കുന്ന തിരിച്ചറിയല്‍ രേഖയിലെ പേര് ഫോണ്‍ വിളിക്കുമ്പോള്‍ കോള്‍ എടുക്കുന്ന ആളുടെ ഫോണില്‍ തെളിഞ്ഞ് വരുന്ന രീതിയിലാകും ഇതിന്റെ സെറ്റപ്പ്. കോളിങ് നെയിം പ്രസന്‍റേഷൻ(സിഎൻ.എ.പി) എന്ന പുതിയ ഫീച്ചര്‍ ഉപയോക്താവിന്‍റെ ആവശ്യം അനുസരിച്ച് എല്ലാ ടെലികോം ദാതാക്കളും ലഭ്യമാക്കണമെന്നാണ് ട്രായ് അറിയിച്ചിരിക്കുന്നത്. എന്നാൽ, ടെലികോം സേവനദാതാക്കൾ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.