കാസര്‍കോട് തലപ്പാടിമുതല്‍ തിരുവനന്തപുരം കാരോടുവരെ 645 കിലോമീറ്റര്‍ നീളത്തില്‍ ദേശീയപാത 66-ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടൊപ്പം 11 ഇടത്ത് പുതിയ ടോള്‍ കേന്ദ്രങ്ങളും വരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ടുവീതവും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒരോ കേന്ദ്രങ്ങളുമാണ് ഉണ്ടാവുക.
2008-ലെ ‘ദേശീയപാതകളില്‍ ചുങ്കം പിരിക്കാനുള്ള നിയമം’ അടിസ്ഥാനമാക്കിയാണ് ടോള്‍ നിരക്കുകള്‍ നിശ്ചയിക്കുക. ഇതുപ്രകാരം കാറില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 65 പൈസയാണ് നല്‍കേണ്ടത്. ചെറിയ ചരക്കുവാഹനങ്ങള്‍, മിനി ബസുകള്‍ തുടങ്ങിയവയ്ക്ക് 1.05 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 2.20 രൂപയും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് 3.45 രൂപയുമാണ് നിരക്കുകള്‍. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ചുങ്കം ബാധകമല്ല.
ദേശീയപാത-66ന്റെ വികസം പൂര്‍ത്തിയാകുന്നതോടെ ചുങ്കം പിരിവ് ഉപഗ്രഹാധിഷ്ഠിതമാക്കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ ചുങ്കം പിരിക്കുന്ന കേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മാത്രമാണ് തുക ഈടാക്കുന്നത്. പുതിയ സംവിധാനം നടപ്പായാല്‍ ചെറിയദൂരം യാത്രചെയ്താലും തുക നല്‍കണം. അതിനിടെ, ദേശീയപാതയിലെ ചുങ്കം നിരക്കുകളില്‍ ധാരണയായി.
ടോള്‍ പ്ലാസകള്‍ ജില്ലാ അടിസ്ഥാനത്തില്‍
- കാസര്‍കോട്: പുല്ലൂര്‍ പെരിയ
- കണ്ണൂര്‍: കല്യാശ്ശേരി (തലശ്ശേരി മാഹി ബൈപാസില്‍ കൊളശ്ശേരിയില്‍ താത്കാലിക ടോള്‍ പ്ലാസ നിര്‍മിച്ചിട്ടുണ്ട്. പണി പൂര്‍ത്തിയായാല്‍ ഇതിന്റെ പ്രവര്‍ത്തനം കല്യാശ്ശേരിയിലേക്ക് മാറ്റും)
- കോഴിക്കോട്: മാമ്പുഴ പാലം
- മലപ്പുറം: വെട്ടിച്ചിറ
- തൃശ്ശൂര്‍: നാട്ടിക
- എറണാകുളം: കുമ്പളം
- ആലപ്പുഴ: കൊമ്മാടി
- കൊല്ലം: ഓച്ചിറ, രണ്ടാമത്തെ ടോള്‍ പ്ലാസയുടെ സ്ഥലം നിശ്ചയിച്ചിട്ടില്ല.
- തിരുവനന്തപുരം: തിരുവല്ലം, രണ്ടാമത്തെ ടോള്‍ പ്ലാസയുടെ സ്ഥലം നിശ്ചയിച്ചിട്ടില്ല.
ദീര്‍ഘദൂരബസുകള്‍ക്ക് ഗുണം
ബസുകളെ സംബന്ധിച്ചിടത്തോളം ഇത്തരം പാതകള്‍ യാത്രാസമയം കുറയ്ക്കും. ഇത് ഇന്ധനച്ചെലവ് കുറയ്ക്കാന്‍ സഹായകരമാണ്. നല്ല റോഡാകുമ്പോള്‍ ടയറിനും സ്പെയര്‍പാര്‍ട്‌സിനും വേണ്ടിവരുന്ന ചെലവും കുറയ്ക്കാം.
മോഹനന്‍, എ വണ്‍ ട്രാവല്‍സ് കോഴിക്കോട്
സാധാരണക്കാരന്റെ കീശകീറും
ഇന്ധനവില വര്‍ധിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കാള്‍ കൂടുതലാണ് ഭീമമായ തുക ചുങ്കം പിരിക്കുമ്പോള്‍ ഉണ്ടാകുന്നത്. ചരക്കുലോറികള്‍ക്ക് ചുങ്കം ഈടാക്കുമ്പോള്‍ ഉത്പന്നങ്ങളുടെ വില വര്‍ധിക്കും.
സി.ആര്‍. നീലകണ്ഠന്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍ (ടോള്‍വിരുദ്ധ സമരനേതാവ്)