ഗ്യാൻവാപി മസ്ജിദിൽ പൂജക്ക്‌ അനുമതി നൽകിയ ജഡ്ജിയെ ഓംബുഡ്സ്‌മാനായി നിയമിച്ചു

0
258

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ പൂജക്ക്‌ അനുമതി നൽകിയ ജഡ്ജി എ.കെ. വിശ്വേശ്വയെ ഓംബുഡ്സ്‌മാനായി നിയമിച്ചു. ലഖ്‌നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണൽ റീഹാബിലിറ്റേഷൻ യൂനിവേഴ്‌സിറ്റിയിലാണ് നിയമനം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയർമാനായ, സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലയാണിത്. വിശ്വേശ്വനെ മൂന്ന് വർഷത്തേക്കാണ് ഓംബുഡ്സ്‌മാനായി നിയമിച്ചത്.

വരാണസി ജില്ലാ കോടതി ജഡ്ജിയായി വിരമിക്കുന്ന ദിവസമായിരുന്നു ഇദ്ദേഹം പള്ളിയുടെ നിലവറയിൽ പൂജക്ക്‌ അനുമതി നൽകി ഉത്തരവിട്ടത്. ഹരിദ്വാർ സ്വദേശിയായ ഇദ്ദേഹം ജനുവരി 31നാണ് വിരമിച്ചത്.

പള്ളിയിലെ നിലവറ ജില്ലാ മജിസ്ട്രേറ്റിന് കൈമാറണമെന്നും 1993 ഡിസംബറിന് മുമ്പുള്ളതുപോലെ ആരാധന നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സെപ്റ്റംബർ 25ന് ശൈലേന്ദ്രകുമാർ പഥക് വ്യാസാണ് കോടതിയിൽ കേസ് നൽകിയിരുന്നത്. ഈ കേസിലാണ് അജയ കൃഷ്ണ വിധി പറഞ്ഞത്.

മസ്ജിദ് കെട്ടിടത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നിലവറയിൽ 30 വർഷത്തിലേറെ കാലം പൂജ നടത്തിയിരുന്നില്ലെന്ന് ജഡ്ജി തന്നെ പറഞ്ഞിരുന്നു. എന്നാൽ, ഇവിടെ വിഗ്രഹാരാധന അനുവദിക്കാൻ റിസീവറായ ജില്ലാ മജിസ്ട്രേറ്റിനോട് വിശ്വേശ്വ നിർദ്ദേശിക്കുകയായിരുന്നു. ഏഴ് ദിവസത്തിനകം കൃത്യമായ ക്രമീകരണം ഏർപ്പെടുത്താനും റിസീവറിന് നിർദേശം നൽകി. ഇതിനെ തുടർന്ന് ഇവിടെ മണിക്കൂറുകൾക്കകം പൂജയും തുടങ്ങി. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി കോടതിയെ സമീപിച്ചെങ്കിലും പൂജ തുടരാമെന്ന വിധിയാണ് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here