കോലി ഇല്ല, സൂപ്പര്‍ താരങ്ങള്‍ മടങ്ങിയെത്തി, സര്‍പ്രൈസ് പേസര്‍ക്ക് ഇടം; ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു

0
252

മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപിച്ചു. പരിക്ക് മാറി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സ്പെഷ്യലിസ്റ്റ് ബാറ്റര്‍ കെ എല്‍ രാഹുലും മടങ്ങിയെത്തിയതാണ് ശ്രദ്ധേയം. എന്നാല്‍ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇരുവരെയും മൂന്നാം ടെസ്റ്റില്‍ കളിപ്പിക്കുക. അതേസമയം സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് പരമ്പര പൂര്‍ണമായും നഷ്ടമാകും എന്ന് ബിസിസിഐ അറിയിച്ചു. മൂന്നാം ടെസ്റ്റില്‍ വിശ്രമം നല്‍കുമെന്ന് കരുതിയ പേസര്‍ ജസ്പ്രീത് ബുമ്രയും സ്ക്വാഡിലുണ്ട്.

വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റിന് ശേഷം നടുവേദന റിപ്പോര്‍ട്ട് ചെയ്ത മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരെ സ്ക്വാഡിലേക്ക് പരിഗണിച്ചില്ല. ഇതോടെ ബാറ്റര്‍മാരായ രജത് പാടിദാറും സര്‍ഫറാസ് ഖാനും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. രണ്ടാം ടെസ്റ്റില്‍ വിശ്രമമെടുത്ത പേസര്‍ മുഹമ്മജ് സിറാജ് സ്ക്വാഡിലേക്ക് തിരികെയെത്തി. ഫോമിലല്ലെങ്കിലും പേസര്‍ മുകേഷ് കുമാറിനെ നിലനിര്‍ത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചപ്പോള്‍ ആവേഷ് ഖാന് പകരക്കാരനായി പേസര്‍ ആകാശ് ദീപ് ഇടംപിടിച്ചു. രവീന്ദ്ര ജഡേജയുടെ വരവോടെ സ്പിന്‍ ഓള്‍റൗണ്ടര്‍ സൗരഭ് കുമാറിന് ടീമിലെ സ്ഥാനം നഷ്ടമായി. ഫോമില്ലായ്മയ്ക്ക് വിമര്‍ശനം നേരിടുന്നുവെങ്കിലും കെ എസ് ഭരത് വിക്കറ്റ് കീപ്പറായി തുടരുന്നതും സ്ക്വാഡ് പ്രഖ്യാപനത്തിലെ പ്രധാന വാര്‍ത്തയാണ്. എന്നാല്‍ പരിക്കിന്‍റെ പിടിയിലുള്ള പേസര്‍ മുഹമ്മദ് ഷമിക്ക് ഇംഗ്ലണ്ട് പരമ്പരയാകെ നഷ്ടമാകും.

അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജൂരെല്‍ (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

LEAVE A REPLY

Please enter your comment!
Please enter your name here