വെറും 100 രൂപയുടെ ​ഗുളികകൊണ്ട് കാൻസർ തിരിച്ചുവരവ് തടയാം;മരുന്നുമായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ​ഗവേഷകർ

0
176

മുംബൈ: കാൻസർ ചികിത്സാരം​ഗത്ത് അത്ഭുതപ്പെടുത്തുന്ന മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഇന്ത്യയിലെ പ്രശസ്ത കാൻസർ ​ഗവേഷക-ചികിത്സാ കേന്ദ്രമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്. പത്തുവർഷത്തെ ​ഗവേഷണത്തിനൊടുവിലാണ് കാൻസർ തിരിച്ചുവരവിനെ പ്രതിരോധിക്കാനുള്ള ​ഗുളിക കണ്ടെത്തിയതെന്ന് ​ഗവേഷകർ പറയുന്നു. റേഡിയേഷൻ, കീമോതെറാപ്പി പോലുള്ള ചികിത്സാരീതികളുടെ അനന്തരഫലങ്ങളെ കുറയ്ക്കുന്നതാണ് പ്രസ്തുതമരുന്നെന്നും ​ഗവേഷകർ പറഞ്ഞു.

ഒരിക്കൽ കാൻസർ ബാധിച്ചവർക്ക് വീണ്ടും അതേ രോഗം വരുന്നത് പ്രതിരോധിക്കുന്ന മരുന്നാണ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകർ വികസിപ്പിച്ചത്. ഇതേക്കുറിച്ച് ​ഗവേഷണത്തിൽ പങ്കാളിയായ ഡോ.രാജേന്ദ്ര ബാദ്വെ എൻ.ഡി. ടി.വി.യോട് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

”​ഗവേഷണത്തിനായി മനുഷ്യരിലെ കാൻസർ കോശങ്ങളെ എലികളിലേക്ക് കടത്തുകയും അവ ട്യൂമറായി രൂപപ്പെടുത്തുകയും ചെയ്തു. ശേഷം എലികളിൽ റേ‍ഡിയേഷൻ തെറാപ്പിയും കീമോതെറാപ്പിയും സർജറിയും ചെയ്തു. കാൻസർ കോശങ്ങൾ നശിക്കുമ്പോൾ അവ ക്രൊമാറ്റിൻ കണികകൾ എന്നുവിളിക്കുന്ന എന്ന ചെറിയ കണികകളായി വിഘടിക്കുന്നതായി കണ്ടെത്തി. അവ രക്തത്തിലൂടെ ശരീരത്തിന്റെ മറ്റുഭാ​ഗങ്ങളിലേക്ക് പ്രവേശിക്കുകയും ആരോ​ഗ്യകരമായ കോശങ്ങളിൽ പ്രവേശിച്ച് അവയെ കാൻസറസാക്കുകയും ചെയ്യും”- ഡോ.രാജേന്ദ്ര ബാദ്വെ പറഞ്ഞു.

ഈ പ്രശ്നത്തിന് പരിഹാരമെന്നോണമാണ് ഡോക്ടർമാർ റെസവിറേട്രോൾ, കോപ്പർ എന്നിവയടങ്ങിയ പ്രോ-ഓക്സിഡന്റ് ടാബ്ലറ്റുകൾ(resveratrol and copper (R+Cu)) വികസിപ്പിച്ച് എലികൾക്ക് നൽകിയത്. ഇവ ഓക്സിജൻ റാഡിക്കലുകളെ സൃഷ്ടിക്കുകയും അവ ക്രൊമാറ്റിൻ കണികകളെ നശിപ്പിക്കുകയും ചെയ്യും.

‘R+Cu’ ​ഗുളികയുടെ രൂപത്തിൽ കഴിക്കുമ്പോൾ ഓക്സിജൻ റാഡിക്കലുകൾ വയറിൽ രൂപപ്പെടുകയും അവ എളുപ്പത്തിൽ രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഇത് കാൻസർ കോശങ്ങളെ ഒരിടത്തുനിന്ന് മറ്റൊരിടത്തിലേക്ക് ചലിക്കുന്നത് തടയും. ‘R+Cu-വിന്റെ മാജിക്ക് അഥവാ Magic of R+Cu എന്നാണ് ​ഗവേഷകർ ഈ ചികിത്സാരീതിയെ വിശേഷിപ്പിക്കുന്നത്.

കാൻസർ ചികിത്സാരീതിയുടെ പാർശ്വഫലങ്ങളെ അമ്പതുശതമാനമായി കുറയ്ക്കുന്ന ഈ ​ഗുളിക രണ്ടാംതവണ കാൻസർ ബാധിക്കുന്നതിനെ മുപ്പതുശതമാനം പ്രതിരോധിക്കുമെന്നും ​ഗവേഷകർ പറയുന്നുണ്ട്. പാൻക്രിയാസ്, ശ്വാസകോശം, വായ തുടങ്ങിയവയെ ബാധിക്കുന്ന കാൻസറുകൾക്ക് ഫലപ്രദമാണ് ഈ മരുന്നെന്നും പറയുന്നുണ്ട്. മനുഷ്യരിലും എലികളിലും മരുന്നിന്റെ പാർശ്വഫലങ്ങൾ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

നിലവിൽ ഫുഡ് സേഫ്റ്റി& സ്റ്റാൻഡേർ‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(Food Safety and Standards Authority of India)യുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ​ഗവേഷകർ. അനുമതി ലഭിക്കുന്നതോടെ ജൂൺ-ജൂലൈ മുതൽ മരുന്ന് വിപണിയിലെത്തും. പൊതുവേ കാൻസർ ചികിത്സകൾ ലക്ഷങ്ങളുടെ ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഈ മരുന്ന് വെറും നൂറുരൂപയ്ക്ക് ലഭ്യമാകുമെന്നും ​ഗവേഷകർ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here