‘സൂചി മുതൽ ചുറ്റിക വരെ, 6 മാസത്തേയ്ക്കുള്ള റേഷനും ഡീസലും’: വൻ തയാറെടുപ്പുമായി കർഷകർ ഡൽഹിയിലേക്ക്

0
313

ന്യൂഡൽഹി∙ ദീർഘനാൾ സമരം ചെയ്യാനുള്ള തയാറെടുപ്പോടെയാണ് ഡൽഹിയിലേക്ക് എത്തുന്നതെന്ന് കർഷകർ. കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ‘ദില്ലി ചലോ’ മാർച്ചിൽ പങ്കെടുക്കുന്നവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആറു മാസത്തേയ്ക്ക് ആവശ്യമായ റേഷൻ സാധനങ്ങളും ഡീസലും ഉൾപ്പെടെയുള്ള സാധനങ്ങൾ കരുതിയിട്ടുണ്ടെന്ന് കർഷകർ പറയുന്നു. 2020ൽ 13 മാസം നീണ്ടുനിന്ന സമരമാണ് ഡൽഹി അതിർത്തിയിൽ കർഷകർ നടത്തിയത്.

‘‘സൂചി മുതൽ ചുറ്റിക വരെ, കല്ല് പൊട്ടിക്കാനുള്ള ഉപകരണങ്ങൾ ഉൾപ്പെടെ ഞങ്ങളുടെ പക്കലുണ്ട്. ആറു മാസത്തേയ്ക്കു വേണ്ട റേഷനുമായാണ് ഞങ്ങൾ ഗ്രാമത്തിൽനിന്നു വന്നത്. ഹരിയാനയിൽനിന്നു വരുന്നവർക്കു പോലും ആവശ്യമുള്ള ഡീസൽ ഞങ്ങളുടെ പക്കലുണ്ട്.’’– പഞ്ചാബിലെ ഗുരുദാസ്പുരിൽ നിന്നുള്ള കർഷകനായ ഹർഭജൻ സിങ് പറഞ്ഞു.

ട്രാക്ടറുകളും ട്രോളികളും ഉപയോഗിച്ച് നടത്തുന്ന മാർച്ച് പരാജയപ്പെടുത്താൻ ഡീസലിന്റെ വിതരണം വിലക്കിയിട്ടുണ്ടെന്ന് കർഷകർ ആരോപിച്ചു. കഴിഞ്ഞ തവണ 13 മാസം സമരം ചെയ്തിട്ടും ഞങ്ങൾ കുലുങ്ങിയില്ല. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും സർക്കാർ വാക്ക് പാലിച്ചില്ല. ഇത്തവണ, ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിയതിനുശേഷം മാത്രമേ തിരിച്ചുപോകൂ.’’– ഹർഭജൻ പറഞ്ഞു.

ചണ്ഡീഗഡിൽ സർക്കാർ പ്രതിനിധി സംഘവുമായി തിങ്കളാഴ്ച രാത്രി വൈകി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് കർഷകർ ഫത്തേഗഡ് സാഹിബിൽനിന്നു ഇന്നു രാവിലെയാണ് മാർച്ച് ആരംഭിച്ചത്. എന്നാൽ പഞ്ചാബ്–ഹരിയാന അതിർത്തിയിൽ ഡൽഹി പൊലീസ് തടഞ്ഞു. കർഷകരെ പിരിച്ചുവിടാൻ പൊലീസ് വ്യാപകമായി കണ്ണീർവാതകം പ്രയോഗിച്ചു. കർഷകർ ഇവിടേക്ക് എത്തിയ ട്രക്കുകളും ട്രാക്ടറുകളും പൊലീസ് പിടിച്ചെടുത്തു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കർഷകർ വീണ്ടും രംഗത്തെത്തിയത്. 150ഓളം സംഘടനകളുടെ കൂട്ടായ്മയായ കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും സംയുക്തമായാണു പ്രക്ഷോഭം നടത്തുന്നത്. താങ്ങുവില, വിള ഇൻഷുറൻസ് എന്നിവ ലഭ്യമാക്കണമെന്നും കർഷകർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം എന്നുമാണു പ്രധാന ആവശ്യം.

‘ദില്ലി ചലോ’ മാർച്ച് കണക്കിലെടുത്ത് ഡൽഹിയുടെ അതിർത്തികളിൽ ഉൾപ്പെടെ വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തികളിൽ ഉൾപ്പെടെ നൂറുകണക്കിന് അർധസൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്. സിംഘു, തിക്രി, ഗാസിപുർ എന്നീ അതിർത്തികളിൽ നിന്ന് കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നത് തടയാൻ പ്രധാന വഴികളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here