യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് പണമയക്കാൻ ചെലവേറും: 15% ഫീസ് വർധിപ്പിക്കാൻ അനുമതി

0
223

ദുബൈ: യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് പണമയക്കാൻ ഇനി ചെലവേറും. പണമയക്കുമ്പോൾ ഈടാക്കുന്ന ഫീസ് 15 ശതമാനം വർധിപ്പിക്കാൻ മണി എക്സ്ചേഞ്ചുകൾക്ക് അനുമതി ലഭിച്ചു. ഓരോ ഇടപാടിനും രണ്ടര ദിർഹം വരെ അഥവാ 56 രൂപവരെ പ്രവാസികൾ അധികം നൽകേണ്ടി വരും.

മണി എക്സ്ചേഞ്ചുകളിൽ നേരിട്ടെത്തി പണമയക്കുന്നവർക്കാണ് ഫീസ് വർധന ബാധകമാവുക. എന്നാൽ, ഇവരുടെ മൊബൈൽ ആപ്പ് വഴി പണമയക്കുന്നവരുടെ ഫീസ് വർധിപ്പിക്കേണ്ടതില്ല എന്നാണ് തീരുമാനം. യു.എ.ഇയിലെ എക്‌സ്‌ചേഞ്ച് ഹൗസുകളെ പ്രതിനിധീകരിക്കുന്ന ഫോറിൻ എക്‌സ്‌ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പ് അഥവാ ഫെർജ് ആണ് ഇക്കാര്യം അറിയിച്ചത്.

പതിനഞ്ച് ശതമാനം ഫീസ് വർധിപ്പിക്കുമ്പോൾ 1000 ദിർഹമിന് മുകളിൽ അയക്കാൻ നിലവിൽ ഈടാക്കുന്ന 23 ദിർഹം 25.5 ദിർഹമായി ഉയരും. ആയിരം ദിർഹത്തിന് താഴെ പണമയക്കുന്നവർക്കുള്ള ഫീസ് 17.5 ദിർഹമിൽ നിന്ന് 20 ദിർഹമായും വർധിപ്പിക്കും. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് പണമയക്കാനുള്ള ഫീസിൽ വർധനയുണ്ടാവുന്നതെന്ന് എക്സ്ഞ്ചേ അധികൃതർ പറഞ്ഞു.

ഓൺലൈൻ വിനിമയം പ്രോൽസാപ്പിക്കാനാണ് എക്സ്ചേഞ്ചുകളുടെ ആപ്പിൽ നിന്ന് പണമയക്കാൻ ഇളവ് നൽകുന്നത്. പണമയക്കാൻ മണി എക്സ്ചേഞ്ച് ശാഖകളെ ആശ്രയിക്കുന്ന സാധാരണക്കാരായ തൊഴിലാളികളെ ഫിസ് വർധന ബാധിക്കുക. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ 56 രൂപയോളം പണമയക്കാൻ അധികം നൽകണം. അഥവാ 575 രൂപയോളം ഫീസിനത്തിൽ പ്രവാസികളിൽ നിന്ന് ഈടാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here