ബെംഗളുരു: കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് മത്സരിച്ച മൂന്ന് കോൺഗ്രസ് സ്ഥാനാർഥികൾക്കും വിജയം. രണ്ട് സീറ്റിൽ വീജയം പ്രതീക്ഷിച്ച ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് ഒരു സീറ്റിലേ ജയിക്കാനായുള്ളു. അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജി സി ചന്ദ്രശേഖർ എന്നീ മൂന്ന് കോൺഗ്രസ് സ്ഥാനാർഥികളും വിജയിച്ചപ്പോൾ ബി ജെ പി – ജെ ഡി എസ് സഖ്യത്തിൽ നാരായൺസ ഭണ്ഡാഗെയ്ക്ക് മാത്രമേ വിജയിക്കാനായുള്ളൂ. ജെ ഡി എസ്സിൽ നിന്നുള്ള എൻ ഡി എ സ്ഥാനാർഥി ഡി കുപേന്ദ്രറെഡ്ഡി തോറ്റു.
ഇതിനിടെ വോട്ടെടുപ്പിൽ രണ്ട് ബി ജെ പി എം എൽ എമാർ കോൺഗ്രസിന് അനുകൂലമായി മറുകണ്ടം ചാടിയത് ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് കനത്ത തിരിച്ചടിയായി. യശ്വന്ത് പുര എം എൽ എ എസ് ടി സോമശേഖർ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തു. യെല്ലാപൂർ എം എൽ എ ശിവറാം ഹെബ്ബാർ വോട്ടെടുപ്പിനെത്തിയതുമില്ല. വിപ്പ് ലംഘനത്തിന് ഈ രണ്ട് എം എൽ എ മാർക്കുമെതിരെ നടപടി എടുക്കാനൊരുങ്ങുകയാണ് ബി ജെ പി. 45 വോട്ടുകളാണ് ഓരോ സ്ഥാനാർഥിക്കും വിജയിക്കാൻ വേണ്ടിയിരുന്നത്. കുതന്ത്രങ്ങൾക്ക് മേൽ ജനാധിപത്യത്തിന്‍റെ വിജയമെന്നായിരുന്നു ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ പ്രതികരണം.
വോട്ടുനില ഇങ്ങനെ: അജയ് മാക്കനും സയ്യിദ് നസീർ ഹുസൈനും 47 വോട്ട് വീതം ലഭിച്ചു. ജി സി ചന്ദ്രശേഖറിന് ലഭിച്ചത് 45 വോട്ടാണ്. ബി ജെ പിയുടെ നാരായൺസ ഭണ്ഡാഗെയ്ക്കും ലഭിച്ചത് 47 വോട്ട്. എന്നാൽ കുപേന്ദ്ര റെഡ്ഡിക്ക് 36 വോട്ട് മാത്രമേ കിട്ടിയുള്ളൂ.