ബംഗളൂരു: ബിജെപി എംഎൽഎ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തതായി സൂചന. കർണാടക ബിജെപി എംഎൽഎ എസ് ടി സോമശേഖർ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തെന്നാണ് സൂചനകള്‍ പുറത്ത് വരുന്നത്. 2019 വരെ കോൺഗ്രസ് എംഎൽഎയായിരുന്നു എസ് ടി സോമശേഖർ. കോൺഗ്രസ് – ജെഡിഎസ് സഖ്യ സർക്കാരിനെ വീഴ്ത്തി ബിജെപിയിൽ പോയ എംഎൽഎയാണ് എസ് ടി സോമശേഖർ. എൻഡിഎ സ്ഥാനാർഥിക്ക് വോട്ട് ചെയ്യാതിരുന്ന സോമശേഖറിനെതിരെ ബിജെപി നടപടിക്ക് നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
യെല്ലാപൂർ ബിജെപി എംഎൽഎ ശിവറാം ഹെബ്ബാർ ഇതുവരെ നിയമസഭയിൽ വോട്ട് ചെയ്യാനെത്തിയിട്ടില്ല. ഹെബ്ബാറിന്‍റെ ഫോൺ സ്വിച്ച് ഓഫാണെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. ബിജെപി – ജെഡിഎസ് സ്ഥാനാർഥി കുപേന്ദ്ര റെഡ്ഡിക്ക് വോട്ട് ചെയ്യാൻ നേരത്തേ ഹെബ്ബാർ വിസമ്മതിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, കർണാടകയിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് ഉണ്ടാകാതിരിക്കാൻ വലിയ മുൻകരുതലുകളാണ് കോൺഗ്രസ് സ്വീകരിച്ചത്.
കോൺഗ്രസിന്‍റെ പോളിംഗ് ഏജന്‍റ് ഡി കെ ശിവകുമാർ ആണ്. ക്രോസ് വോട്ടിംഗ് ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ഡി കെ ശിവകുമാർ പറഞ്ഞിരുന്നു. കോൺഗ്രസ് ആത്മവിശ്വാസത്തിലാണ്. ഇന്നലെ മൂന്ന് സ്വതന്ത്ര എംഎൽഎമാരും കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുത്തു. നാല് രാജ്യസഭാ സീറ്റുകളാണ് കർണാടകയിലുള്ളത്. അഞ്ച് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഓരോ സ്ഥാനാർഥിക്കും വിജയിക്കാൻ 45 വോട്ട് വീതം വേണം.
കോണ്‍ഗ്രസിന് അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജി സി ചന്ദ്രശേഖർ എന്നീ മൂന്ന് സ്ഥാനാർത്ഥികളാണ് കർണാടകയിലുള്ളത്. ബിജെപിക്ക് ഒരു സീറ്റ് ഇവിടെ ഉറപ്പായി ജയിക്കാൻ കഴിയും. എന്നാൽ ബിജെപി – ജെഡിഎസ് സഖ്യം രണ്ട് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. നാരായണ്‍സെ ഭണ്ഡാഗെ, കുപേന്ദ്ര റെഡ്ഡി എന്നിവരാണ് സ്ഥാനാർത്ഥികൾ. നിലവില്‍ 135 സീറ്റാണ് കർണാടകയിൽ കോണ്‍ഗ്രസിനുള്ളത്. ഒരു എംഎല്‍എ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചതോടെ എംഎല്‍എമാരുടെ എണ്ണം 134 ആയി. നാല് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിക്കും എന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടൽ.