‘ബാബരി മസ്ജിദ് തകർത്ത സമയം ശിഹാബ് തങ്ങൾ എടുത്ത അതേ നിലപാട്’; സാ​ദിഖലി തങ്ങളെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി

0
158

മലപ്പുറം: അയോധ്യാ രാമക്ഷേത്രത്തിൽ സാദിഖലി തങ്ങളുടെ പരാമർശത്തെ പിന്തുണച്ച് മുസ്ലിം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സാദിഖലി തങ്ങളുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തതെന്നും അദ്ദേഹത്തിന്റെ പരാമർശം സദുദ്ദേശത്തോടെയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബിജെപി കലക്ക് ഉണ്ടാക്കാനാണ് നോക്കുന്നത്. ബാബരി തകർന്ന സമയത്ത് ശിഹാബ് തങ്ങൾ എടുത്ത നിലപാടാണ് ഇപ്പോൾ സാദിഖലി തങ്ങളും എടക്കുന്നത്. അന്ന് ശിഹാബ് തങ്ങൾക്ക് എതിരെ വിമർശനം ഉയർന്നിരുന്നു. പിന്നീട് അത് ശരിയാണെന്ന് തെളിഞ്ഞു. അതു പോലെയാണ് ഇപ്പോഴും. ബിജെപിയുടെ കെണിയിൽ വീഴേണ്ടതില്ലന്നാണ് തങ്ങൾ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം സീറ്റ് പാർട്ടി ചർച്ച ചെയ്തെന്നും ബജറ്റിനു ശേഷം ചർച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാമക്ഷേത്രത്തെ കുറിച്ചുള്ള പാണക്കാട് സാദിഖലി തങ്ങളുടെ പ്രസ്താവന വിവാദമായിരുന്നു. തങ്ങൾ ഭൂരിപക്ഷ വർ​ഗീയതയ്ക്ക് അനുകൂലമായി നിലപാടെടുത്തിരുന്നെന്നാണ് ഐഎൻഎല്ലിന്റെയും സമൂഹമാധ്യമത്തിലെ ലീഗ് വിമർശകരുടെയും ആരോപണം. 10 ദിവസം മുമ്പ് നടത്തിയ പ്രസംഗത്തിലെ പരാമ‍ർശങ്ങളാണ് വിവാദമായത്.

രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ ആവശ്യമാണ് രാമക്ഷേത്രം. രാമക്ഷേത്രവും നിർമ്മിക്കാനിരിക്കുന്ന ബാബ്‍രി പള്ളിയും മതേതരത്വത്തിന്റെ പ്രതീകങ്ങളാണ് എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് പ്രകോപനമായത്. ഐഎൻഎല്ലും ചില സുന്നി സൈബർ ഗ്രൂപ്പുകളും തങ്ങൾ ഭൂരിപക്ഷ വർ​ഗീയതയ്ക്ക് വഴങ്ങിയതായി ആരോപിച്ചു.

നിലവിലുള്ള ദേശീയ രാഷ്ട്രീയ സാഹചര്യത്തിന് ലീഗും വഴങ്ങി. സമുദായ താൽപര്യം പ്രകടിപ്പിച്ചില്ല. ബാബരി മസ്ജിദുമായ ബന്ധപ്പെട്ട് ഇപ്പോഴും സമുദായത്തിലുള്ള വികാരം അവഗണിച്ചു എന്നിങ്ങനെയാണ് വിമർശകരുടെ ആരോപണം. നേരത്തെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ലീഗ് മുഖപത്രം ബാബ്‍രി മസ്ജിദ് തകർത്ത കാര്യവും മറ്റും മറച്ചു വെച്ചതും വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here