ഫാസ്ടാഗ് സേവനങ്ങൾക്കായുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പേയ്മെൻ്റ്സ് ബാങ്ക് ലിമിറ്റഡിനെ (പി.പി.ബിഎൽ) നീക്കം ചെയ്ത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. കെവൈസി മാനദണ്ഡങ്ങളും ഓൺബോർഡിംഗ് മാനദണ്ഡങ്ങളും ലംഘിച്ചുവെന്നാരോപിച്ച് പി.പി.ബിഎല്ലിനെതിരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ഈ നീക്കം. മാർച്ച് 15 നകം പേടിഎം ഫാസ്ടാഗ് ഉടമകൾ മറ്റ് പേമെന്‍റ് സംവിധാനങ്ങളിലേക്ക് മാറാനും ആർ.ബി.ഐ നിർദേശിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് രീതിയിൽ ടോൾ പേയ്‌മെൻ്റുകൾ നടത്തുന്നതിന് റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യയാണ് ഫാസ്ടാഗ്. ഇത് വാഹനത്തിൻ്റെ ഗ്ലാസിൽ ഘടിപ്പിച്ച് വാഹനമോടിക്കുന്നവർക്ക് പണം നൽകാൻ കാത്തുനിൽക്കാതെതന്നെ ടോൾ പ്ലാസകളിലൂടെ കടന്നുപോകാൻ സാധിക്കും.
ആർ.ബി.ഐ പി.പി.ബിഎല്ലിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് പി.പി.ബിഎല്ലിനെ നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതായി എൻഎച്ച്എഐ പ്രസ്താവനയിൽ ഇറക്കുകയായിരുന്നു. ആർ.ബി.ഐ 2024 ജനുവരിയിൽ പി.പി.ബിഎല്ലിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു, ആറ് മാസത്തേക്ക് പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതും തടഞ്ഞിരുന്നു.
ഐടി സംവിധാനങ്ങളുടെ സമഗ്രമായ ഓഡിറ്റ് നടത്താനും മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും സ്വതന്ത്ര ഓഡിറ്ററെ നിയമിക്കാൻ പി.പി.ബിഎല്ലിന് കേന്ദ്ര ബാങ്ക് നിർദേശം നൽകിയിരിക്കുകയാണ്. ഫാസ്ടാഗുകൾ നൽകാൻ അധികാരമുള്ള മറ്റ് 32 ബാങ്കുകളെ എൻഎച്ച്എഐ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നവയാണ്.
അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് പി.പി.ബിഎല്ലിനെ ഒഴിവാക്കിയത് ഫാസ്ടാഗ് സേവനങ്ങൾ ശക്തമായി പ്രോത്സാഹിപ്പിക്കുന്ന കമ്പനിക്ക് തിരിച്ചടിയാണ്. പേടിഎം അതിൻ്റെ ഫാസ്ടാഗ് സേവനങ്ങൾ 2016 ൽ ആരംഭിച്ചു, 2022 മാർച്ചോടെ 100 ദശലക്ഷത്തിലധികം ഫാസ്ടാഗുകൾ നൽകിയതായി അവകാശപ്പെട്ടിരുന്നു. കെവൈസി മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഫോൺപേ, ആമസോൺ പേ എന്നിവയ്‌ക്കെതിരെയും സെൻട്രൽ ബാങ്ക് നടപടിയെടുത്തിട്ടുണ്ട്.
ഒരു ഫാസ്‌ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടാനുള്ള ഏറ്റവും സാധാരണമായ കാരണം മതിയായ ബാലൻസ് ഇല്ലാത്തതാണ്. എങ്കിലും ചില സാഹചര്യങ്ങളിൽ ട്രാഫിക് നിയമങ്ങളുടെ ലംഘനമോ വാഹനത്തിനെതിരായ പരാതിയോ പോലുള്ള മറ്റ് കാരണങ്ങളാലും ഇത് സംഭവിക്കാനിടയുണ്ടാക്കും. അതിനാൽ ഫാസ്ടാഗ് ഇഷ്യൂവറെ ബന്ധപ്പെട്ടോ ഔദ്യോഗിക ഫാസ്ടാഗ് പോർട്ടൽ സന്ദർശിച്ചോ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാനുള്ള കാരണം ഒരാൾക്ക് പരിശോധിക്കാം.
ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാനുള്ള കാരണം മതിയായ ബാലൻസ് ഇല്ലാത്തതാണെങ്കിൽ മിനിമം ത്രെഷോൾഡ് പരിധിക്ക് മുകളിലുള്ള തുക ഉപയോഗിച്ച് ഫാസ്ടാഗ് വാലറ്റ് റീചാർജ് ചെയ്യേണ്ടതുണ്ട്. ത്രെഷോൾഡ് ലിമിറ്റ് എന്നാൽ ജിഎസ്ടിക്ക് കീഴിൽ രജിസ്ട്രേഷൻ നേടാതെ വ്യക്തിയെ ബിസിനസ് ചെയ്യാൻ അനുവദിക്കുന്ന പരിധി എന്നാണ് അർഥമാക്കുന്നത്. ആയതിനാൽ ഫാസ്‌ടാഗ് ഇഷ്യൂവറെ ബന്ധപ്പെട്ട് നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ പരിധി പരിധി കണ്ടെത്താനാകും. ഇങ്ങനെ ഇത് സൂക്ഷിക്കാനും പ്രത്യേകം ശ്രമിക്കേണ്ടതുണ്ട്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനം നടപ്പിലാക്കാൻ കേന്ദ്രം നീക്കം നടത്തുന്നുണ്ട്. ഇതിനുള്ള ആദ്യപടികളിലൊന്നായി ദേശീയ പാതകളിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനത്തിനായി കേന്ദ്രം കൺസൾട്ടൻ്റിനെ നിയമിക്കുകയും ചെയ്‌തിട്ടുണ്ട്.