ന്യൂഡൽഹി: ഹിറ്റ്‌ലറുടെ കാലത്തെ ജൂതന്മാരെപ്പോലെയാണു കഴിഞ്ഞ പത്തു വർഷക്കാലം നരേന്ദ്ര മോദി സർക്കാരിനു കീഴിൽ രാജ്യത്തെ മുസ്‌ലിംകൾ കഴിയുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. രാമക്ഷേത്ര പ്രതിഷ്ഠ നടത്തിയ ജനുവരി 22 ചരിത്രദിനമാണെന്നാണ് രാഷ്ട്രപതി പറഞ്ഞത്. എന്നാൽ, ഗ്യാൻവാപി പള്ളിയിൽ പൂജയ്ക്ക് അനുമതി നൽകിയ ജനുവരി 31ഉം ചരിത്രദിനമാണെന്ന് ഉവൈസി പറഞ്ഞു. 500 വർഷം മാത്രമല്ല അതിനും പിറകെ ബുദ്ധ, ജൈന, ശൈവ കാലത്തേക്കു പോകുമോ എന്നും ഉവൈസി പാർലമെന്റിൽ ചോദിച്ചു.
നരേന്ദ്ര മോദിക്കു കീഴിൽ കഴിഞ്ഞ പത്തു വർഷം രാജ്യത്തെ മുസ്‌ലിംകൾ ആശങ്കയിലാണു കഴിയുന്നത്. അവരുടെ അഭിമാനവും നിലനിൽപ്പുമെല്ലാം അപകടത്തിലാണ്. ഹിറ്റ്‌ലറുടെ കാലത്ത് ജൂതന്മാർക്കുണ്ടായിരുന്ന മാനസികാവസ്ഥയിലാണ് ഇപ്പോൾ ഇവിടത്തെ 17 കോടി മുസ്‌ലിംകൾ കഴിയുന്നതെന്നും ഉവൈസി പറഞ്ഞു.
”രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്കിനെക്കുറിച്ചും പ്രവേശനത്തെക്കുറിച്ചുമെല്ലാം പറഞ്ഞിടത്ത് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെയെല്ലാം പേരു പരാമർശിച്ചെങ്കിലും മുസ്‌ലിംകളെ പോയിട്ട് ന്യൂനപക്ഷത്തെ പോലും പറഞ്ഞില്ല. എന്നാൽ, രാജ്യത്തെ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ പേർ പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നത് മുസ്‌ലിംകളിലാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് ഏറ്റവും കുറഞ്ഞ പ്രവേശനനിരക്കും മുസ്‌ലിംകളുടേതു തന്നെ. സർക്കാർ ബജറ്റിൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് ഒൻപതാം ക്ലാസ് വരെ ചുരുക്കി. സ്‌കോളർഷിപ്പ് തുക വെട്ടിക്കുറയ്ക്കുകയും ചെയ്തിരിക്കുകയാണ്.”
അലിഗഢ് സർവകലാശാലയെ തട്ടിയെടുക്കാനാണ് നിങ്ങളുടെ ശ്രമം. അലിഗഢ് മുസ്‌ലിം സർവകലാശാലയോട് എന്തിനാണ് ഈ എതിർപ്പ്? അവിടെ ഹിന്ദു സഹോദരങ്ങളും പഠിക്കുന്നുണ്ട്.
1947ൽ രാജ്യത്തിന് സ്വാതന്ത്ര്യവും ബാബാ സാഹെബ് അംബേദ്ക്കറിലൂടെ നമുക്ക് ഭരണഘടനയും ലഭിച്ചു. അതിനുമുൻപ് രാജഭരണമായിരുന്നു ഇവിടെ. ജനാധിപത്യവും റിപബ്ലിക്കുമൊന്നുമുണ്ടായിരുന്നില്ല. വിദ്വേഷത്തിലൂടെ നാഗരികതയെ മാറ്റിയെഴുതരുതെന്ന് ഇംഗ്ലീഷിൽ ആരോ പറഞ്ഞിട്ടുണ്ട്. ചരിത്രത്തെ ധ്വംസനത്തിലൂടെ തിരുത്തരുതെന്നും.”
ഗാന്ധിയുടെയും അംബേദ്ക്കറുടെയും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കിയതു താനാണെന്ന പുതിയ ചരിത്രം രചിക്കാനാണ് നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്നും ഉവൈസി വിമർശിച്ചു. ഇന്ത്യയിലെ നമ്മുടെ ഹിന്ദു സഹോദരങ്ങൾ മോദിയുടെ ചിന്തകളെ തള്ളുമെന്നാണ് എന്റെ പ്രതീക്ഷ. എന്തു സംഭവിക്കുമെന്നു നോക്കാമെന്നും അസദുദ്ദീൻ ഉവൈസി കൂട്ടിച്ചേർത്തു.