അയോധ്യ: കടുത്ത അതൃപ്തിയിൽ മുസ്ലീം ലീ​ഗ്, ചർച്ചയിൽ പങ്കെടുത്തതിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നത

0
207

ദില്ലി : അയോധ്യ വിഷയത്തിലെ പാർലമെന്റിലെ ചർച്ചയിൽ പങ്കെടുത്തതിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നത.ഇന്ത്യ സഖ്യം ചർച്ചയിൽ പങ്കെടുക്കുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച മുസ്ലീം ലീ​ഗ് സഭ ബഹിഷ്കരിച്ചു. ഇടതുപാർട്ടികളും ത്രിണമൂൽ കോൺഗ്രസും ചർച്ച ബഹിഷ്ക്കരിച്ചു. ശ്രീരാമൻ ജനിച്ചിട്ടില്ലെന്ന് കോടതിയിൽ പറഞ്ഞ കോൺ​ഗ്രസ്, ഇപ്പോൾ രാമനെ ഓർക്കുന്നത് പരിഹാസ്യമെന്നും ബിജെപി സഭയിൽ പരിഹസിച്ചു.

അയോധ്യ ചർച്ചയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ഖർഗെയുടെ അധ്യക്ഷതയിൽ യോ​ഗം ചേർന്നിരുന്നു. വിട്ട് നിന്നാൽ ബിജെപി അത് രാഷ്ട്രീയ പ്രചാരണത്തിന് ആയുധമാക്കുമെന്ന് ചൂണ്ടികാട്ടിയാണ് കോൺ​ഗ്രസ് പങ്കെടുക്കാൻ തീരുമാനിച്ചത്. എന്നാൽ ചർച്ച ബഹിഷ്കരിക്കണമെന്ന ശക്തമായ നിലപാട് സ്വീകരിച്ച മുസ്ലീം ലീ​ഗ് ഇന്ത്യ സഖ്യത്തിന്റെ ധാരണയോട് വിയോജിച്ചു. ചർച്ചയുടെ വിവരം അവസാന നിമിഷം വരെ മൂടിവച്ചുവെന്നും മുസ്ലീം ലീ​ഗ് ചൂണ്ടിക്കാട്ടി.

തുടർന്ന് ലോക്സഭയിലെ ചർച്ചയിൽ പ്രധാനമന്ത്രിയെ യു​ഗ പുരുഷനെന്നാണ് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി വിശേഷിപ്പിച്ചത്. കർസേവകരെ വെടിവച്ച സർക്കാറിനെ പിന്തുണച്ച കോൺ​ഗ്രസിന് രാമനെ കുറിച്ച് പറയാൻ അവകാശമില്ലെന്നും മന്ത്രി പറഞ്ഞു.

അയോധ്യ പ്രാണ പ്രത്ഷഠ വികസിത രാജ്യത്തേക്കുള്ള യാത്രയുടെ തുടക്കമെന്ന് അമിത് ഷാ പാർലമെന്റിൽ പറഞ്ഞു. 140 കോടി ജനങ്ങളിലെ രാമഭക്തർക്കും പ്രാണപ്രതിഷ്ഠ അപൂർവ അനുഭവമാണ്. വർഷങ്ങൾ കോടതി വ്യവഹാരത്തിൽ കുടുങ്ങി കിടന്ന സ്വപ്നം മോദി സർക്കാർ യാഥാർത്ഥ്യമാക്കി. ജനുവരി 22 ലെ പ്രാണപ്രതിഷ്ഠ നൂറ്റാണ്ടുകൾ ഓർമിക്കും എന്നും അമിത് ഷാ സഭയിൽ പറഞ്ഞു.

എന്നാൽ ഒരു മതത്തിന്റെയും കുത്തക ആർക്കുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺ​ഗ്രസ് തിരിച്ചടിച്ചത്. ഇന്ത്യയെ നയിക്കുന്നത് ഭരണഘടനയാണെന്നും കോൺ​ഗ്രസിന് വേണ്ടി സംസാരിച്ച ​ഗൗരവ് ​ഗോ​ഗോയി പറഞ്ഞു. അയോധ്യ മുഖ്യ പ്രചാരണ വിഷയമാക്കുന്നതിന്റെ സൂചനയാണ് പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളനം തീരുന്ന ദിവസം ബിജെപി നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here