മോദി 3.0, എൻഡിഎയ്ക്ക് 335 സീറ്റെന്ന് സർവേഫലം: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല

0
258

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റു കേന്ദ്രമന്ത്രിമാരുടെയും അവകാശവാദം പോലെ മോദി 3.0 സംഭവിക്കുമെന്ന് ഇന്ത്യ ടുഡേ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ. എന്നാൽ 370ൽ കൂടുതൽ സീറ്റുകൾ നേടുമെന്ന മോദിയുടെ അവകാശവാദത്തിൽ ചെറിയ തിരുത്തലുകൾ സർവേ പറയുന്നു. വിവിധ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന 35,801 പേരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്.

ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ എൻഡിഎ സഖ്യം 335 സീറ്റുകൾ നേടുമെന്നുമാണു സർവേ പറയുന്നത്. ഇന്ത്യ മുന്നണി 166 സീറ്റുകൾ നേടുമെന്നാണു പ്രവചനം. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്. ജനങ്ങളുടെ മനസ്സറിയാൻ ഡിസംബർ 15 മുതൽ ജനുവരി 28 വരെയുള്ള തീയതികളിൽ നടത്തിയ സർവേയിലാണ് എൻഡിഎയ്ക്ക് അനുകൂല ഫലം.

ആകെയുള്ള 543 സീറ്റുകളിൽ ബിജെപി 304 സീറ്റുകൾ നേടുമെന്നാണു സർവേ പറയുന്നത്. കഴിഞ്ഞ തവണ(303)ത്തേക്കാൾ ഒരു സീറ്റ് ബിജെപി വർധിപ്പിക്കുമെന്നു പറയുന്നു. 2019ൽ 52 സീറ്റുകൾ നേടിയ കോൺഗ്രസ് ഇത്തവണ 19 സീറ്റുകൾ കൂട്ടി 71 നേടുമെന്നാണ് റിപ്പോർട്ട്. മറ്റു പ്രാദേശിക പാർട്ടികളും സ്വതന്ത്രരും ചേർന്ന് 168 സീറ്റുകളും നേടിയേക്കുമെന്നാണു പ്രവചനം.

കേരളത്തിൽ ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നാണു സർവേ ഫലം. ‘ഇന്ത്യ’ മുന്നണി കേരളത്തിലെ 20 ലോക്സഭ സീറ്റുകളും സ്വന്തമാക്കുമെന്നും പറയുന്നു. എന്നാൽ കഴിഞ്ഞ തവണ 83 ശതമാനമാണ് ഇന്ത്യ മുന്നണിയിലെ പാർട്ടികളുടെ വോട്ട് ശതമാനമെങ്കിൽ ഇത്തവണ അത് 78 ശതമാനമായി കുറയും. എൻഡിഎയുടെ വോട്ട് ശതമാനം 15 ശതമാനത്തിൽനിന്ന് 17 ശതമാനമായി ഉയരും.

LEAVE A REPLY

Please enter your comment!
Please enter your name here