അബുദാബിയിലെ പള്ളിയിൽ ചിരിച്ചുകൊണ്ട് സെൽഫിയെടുക്കുന്ന മോദിക്ക് 700 വർഷം പഴക്കമുള്ള മസ്ജിദിൻ്റെ നിലവിളി കേൾക്കാൻ കഴിയുന്നില്ലെന്ന് കോൺഗ്രസ് എം.പി

0
248

ന്യൂഡൽഹി: അബുദാബിയിലെ ഷെയ്ഖ് സായിദ് മസ്ജിദിൽ ചിരിച്ചുകൊണ്ട് സെൽഫിയെടുക്കുന്ന പ്രധാനമന്ത്രിക്ക് 700 വർഷം പഴക്കമുള്ള മെഹ്‌റൗളിയിലെ അഖോഞ്ചി മസ്ജിദിൻ്റെ നിലവിളി കേൾക്കാൻ കഴിയുന്നില്ലെന്ന് കോൺഗ്രസ് എം.പി.

നൂറ്റാണ്ടുകൾ പഴക്കമുള്ള അഖോഞ്ചി പള്ളി പൊളിച്ച ഡൽഹി ഡവലെപ്പ്മെന്റ് അതോറിറ്റിയുടെ നടപടി നിയമവിരുദ്ധമെന്ന് രാജ്യസഭയിൽ ഉന്നയിച്ച കോൺഗ്രസ് എം.പി ഇമ്രാൻ പ്രതാപഗർഹിയാണ് മോദി സർക്കാറിനും ഡൽഹി ഡവലപ്മെന്റ് അതോറിറ്റിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

മഹ്റൗളിയിലെ അഖോഞ്ചി പള്ളി കഴിഞ്ഞ ജനുവരി 30 നാണ് മുന്നറിയിപ്പുകളൊന്നുമില്ലാതെ ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി ​തകർത്തത്. ഇതിനെതിരെയാണ് രാജ്യസഭയി​ലെ ശൂന്യവേളയിൽ കോൺഗ്രസ് എം.പി ശബ്ദമുയർത്തിയത്. മെഹ്‌റൗളിയിലെ അഖോഞ്ചി പള്ളിയുൾപ്പടെ നിരവധി ആരാധനാലയങ്ങൾ തകർത്ത നടപടി നിയമവിരുദ്ധമാണ്.

ജനുവരി 26 ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ നിസാമുദ്ദീൻ ദർഗയിലേക്ക് കൊണ്ടുപോയ അതെ സർക്കാരിന്റെ നിർദ്ദേശപ്രകാരം രാജ്യത്തെ നിരവധി മസ്ജിദുകളുൾപ്പടെയുള്ള ആരാധനാലയങ്ങൾ തകർക്കുകയാണ്.

പാർലമെൻ്റിന് സമീപമുള്ള സുൻഹേരി ബാഗ് മസ്ജിദ് പൊളിക്കാനുള്ള ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിൻ്റെ നീക്കത്തിലും അദ്ദേഹം ആശങ്ക അറിയിച്ചു. ലൂട്യൻസ് ഡൽഹി വികസിപ്പിച്ച ബ്രിട്ടീഷുകാർ പൊളിക്കാത്ത മസ്ജിദാണ് എൻ.ഡി.എം.സി പൊളിക്കാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1957-ൽ സ്ഥാപിതമായ ഡിഡിഎ, അതിനെക്കാൾ നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള മെഹ്‌റൗളി പള്ളിയെ കൈയേറ്റമാണെന്നാണ് വിശേഷിപ്പിക്കുന്നത്. 1991ലെ ആരാധനാലയ നിയമം ഡി.ഡി.എയ്ക്ക് ബാധക​മല്ലേ എന്നും അദ്ദേഹം ചോദിച്ചു. അഖോഞ്ചി മസ്ജിദ് എപ്പോഴാണ് നിർമ്മിച്ചതെന്ന് അറിയില്ലെങ്കിലും, 1853-1854 കാലഘട്ടങ്ങളിൽ മസ്ജിദ് അറ്റകുറ്റപണി നടത്തിയെന്ന് 1922-ലെ എഎസ്ഐ പ്രസിദ്ധീകരണത്തിൽ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുലർച്ചെ അഞ്ച് മണിയോടെയാണ് മെഹ്‌റോളിയിലെ പള്ളിയും മദ്രസയും ഡിഡിഎ അധികൃതർ തകർത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here