മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദം ശരിവച്ചു; പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതിയെ വിട്ടയച്ച് കോടതി

0
261

കാസർകോഡ്∙ മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം ശരിവച്ച് കൂട്ടക്കൊലക്കേസ് പ്രതിയെ വെറുതെ വിട്ട് കോടതി. പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതി ഉദയനെ (44) ജില്ലാ അഡീഷനൽ സെഷൻസ് കോടതിയാണ് വിട്ടയച്ചത്. ഉദയന് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ഉദയനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാനും കോടതി ഉത്തരവിട്ടു.

2020 ഓഗസ്റ്റിലാണ് സ്ത്രീ ഉൾപ്പെടെ സഹോദരങ്ങളായ 4 പേരെ ഉദയൻ മഴുകൊണ്ട് വെട്ടിക്കൊന്നത്. കർണാടകയോടു ചേർന്നുള്ള പൈവളികെ ബായർ കനിയാല സുദമ്പളെയിലെ സദാശിവ (55), വിട്ട്ല(75), ബാബു(78), ദേവകി (60) എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട നാലുപേരും അവിവാഹിതരായിരുന്നു. കൊല്ലപ്പെട്ടവരുടെ സഹോദരിയുടെ മകനാണ് കോടതി വെറുതേ വിട്ട പ്രതി ഉദയൻ.

കൊലപാതകത്തിനു ശേഷം രക്തംപുരണ്ട മഴുവുമായി കനിയാല ടൗണിലെത്തിയ ഉദയനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. വൈകിട്ട് 5.30നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഉദയന്റെ മാതാവ് ലക്ഷ്മി ഉൾപ്പെടെ ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു. പുറത്ത് നിന്നെത്തിയ ഉദയൻ മഴു കൊണ്ട് വെട്ടിയപ്പോൾ ലക്ഷ്മി ഓടി രക്ഷപ്പെട്ടു. നാട്ടുകാർ എത്തിയപ്പോൾ 4 പേരുടെയും മൃതദേഹം വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here