ലോക്സഭ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല, പ്രചരിക്കുന്നത് വ്യാജ സന്ദേശം: തിരഞ്ഞെടുപ്പ് കമ്മിഷൻ

0
124

ന്യൂഡൽഹി∙ ലോക്സഭ തിരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട് വാട്സാപ്പിലും മറ്റും വ്യാജ പ്രചരണങ്ങൾ ശക്തമാണെന്ന മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട് യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും ഔദ്യോഗിക എക്സ് പേജിൽ കമ്മിഷൻ അറിയിച്ചു. വാർത്താസമ്മേളനം നടത്തി മാത്രമേ തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതികൾ പ്രഖ്യാപിക്കൂ എന്നും വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് ആരംഭിക്കുമെന്നാണ് വ്യാജസന്ദേശങ്ങളിൽ പ്രചരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ തീയതികളും ഇതിനകംതന്നെ വ്യാജ സന്ദേശങ്ങളായി പ്രചരിച്ചു കഴിഞ്ഞെന്നും കമ്മിഷൻ അറിയിച്ചു. വ്യാജ സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ: മാർച്ച് 12ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റച്ചട്ടം നിലവിൽ വരും. നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 28. വോട്ടെടുപ്പ് ഏപ്രിൽ 17ന്. ഫലം വരുന്നത് മേയ് 22ന്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലെറ്റർഹെഡ് ഉൾപ്പെടുത്തിയാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. എങ്ങനെയാണ് പൊതു തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുന്നതെന്ന് പലരും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു. വ്യാജപ്രചാരണങ്ങൾ ശക്തമാകുന്നതിനിടെയാണ് തിരഞ്ഞെടുപ്പു കമ്മിഷൻ എക്സ് പ്ലാറ്റ്ഫോമിലൂടെ യഥാർഥ വിവരങ്ങൾ പങ്കുവച്ചത്.

കഴിഞ്ഞ മാസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹി ചീഫ് ഇലക്ടറൽ ഓഫിസർ ആഭ്യന്തരമായി പ്രചരിപ്പിച്ച സന്ദേശം പുറത്തായത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. ഒരുക്കങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ഏപ്രിൽ 16 താൽക്കാലിക തിരഞ്ഞെടുപ്പ് തീയതിയായി കുറിപ്പിൽ പരാമർശിച്ചതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here