മുഖ്യമന്ത്രി പിണറായി വിജയന്‍റെ കിയ കാര്‍ണിവല്‍ കാറിന് പിഴയീടാക്കി മോട്ടോര്‍ വാഹന വകുപ്പ്. മുന്‍സീറ്റില്‍ ഇരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴയീടാക്കിയത്. മുണ്ടക്കയം-കുട്ടിക്കാനം റോഡില്‍ വെച്ചാണ് വാഹനത്തിന് 500 രൂപ പിഴ ഈടാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് വൈകുന്നേരം നാല് മണിയോടെയാണ് കിയ കാര്‍ണിവലിനെ ക്യാമറ കുടുക്കിയത്.
മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് വാഹനമായി സഞ്ചരിച്ചപ്പോഴാണ് സീറ്റ്ബെല്‍റ്റ് ധരിക്കാതെ മുന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത ഉദ്യോഗസ്ഥന്‍റെ ചിത്രം മോട്ടോര്‍ വാഹനവകുപ്പിന്‍റെ ക്യാമറയില്‍ കുടുങ്ങിയത്. വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റിനു മുകളിലായി പൊലീസ് എന്ന ബോര്‍ഡും ഘടിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 12 നാണ് ഇടുക്കിയില്‍ നവകേരള സദസ് നടന്നത്. അന്നേദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസില്‍ സഞ്ചരിക്കവെയാകും എസ്കോര്‍ട്ട് വാഹനമായി കിയ കാര്‍ണിവല്‍ ഓടിയിട്ടുണ്ടാകുക.
2022 ജൂണ്‍ മാസത്തിലാണ് ഇന്നോവ കാറുകള്‍ക്കു പുറമേ മുഖ്യമന്ത്രിക്ക് പുതിയ കിയ കാര്‍ണിവല്‍ വാഹനം വാങ്ങുന്നതിനായി 33 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. സുരക്ഷ ചൂണ്ടിക്കാട്ടിയാണ് കിയ കാര്‍ണിവല്‍ വാഹനം തന്നെ മുഖ്യമന്ത്രിക്കായി ഡിജിപി ശുപാര്‍ശ ചെയ്തത്.