തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എൽഡിഫിന് ആറ് വാർഡുകളിൽ അട്ടിമറി വിജയം, ബിജെപിയില്‍നിന്ന് മൂന്നെണ്ണം പിടിച്ചെടുത്തു; യുഡിഎഫിന് തിരിച്ചടി

0
173

സംസ്ഥാനത്ത് 23 വാർഡുകളിലായി നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വൻ നേട്ടവും യുഡിഎഫിന് തിരിച്ചടിയും. ആറ് വാർഡുകളിൽ അട്ടിമറി വിജയം ഉൾപ്പടെ എല്‍ഡിഎഫ് 10 സീറ്റ് സ്വന്തമാക്കി. ബിജെപിയുടെ മൂന്ന് സിറ്റിങ് വാർഡുകളും ഇവയിൽ ഉൾപ്പെടുന്നു. 14 സീറ്റ് കൈവശമുണ്ടായിരുന്ന യുഡിഎഫ് പത്തിലേക്ക് ചുരുങ്ങി. കണ്ണൂർ മട്ടന്നൂർ നഗരഭയിലെ ടൗണ്‍ വാർഡിൽ ഉൾപ്പെടെ മൂന്നിടത്താണ് ബിജെപി വിജയം.

തിരുവനന്തപുരം കോർപ്പറേഷന്‍ വെള്ളാർ വാർഡ്, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡ്, കൊല്ലം ചടയമംഗലം കുരിയോട് വാർഡ് എന്നിവയാണ് ബിജെപിയില്‍നിന്ന് എൽഡിഎഫ് പിടിച്ചെടുത്തത്. കണ്ണൂർ മുഴപ്പിലങ്ങാട്, തൃശൂർ മുല്ലശേരി പതിയാർകുളങ്ങര, എറണാകുളം നെടുമ്പാശേരി കല്‍പ്പക നഗർ വാർഡ് എന്നിവ യുഡിഎഫിൽനിന്ന് പിടിച്ചെടുത്തു.

പാലക്കാട് എരുത്തേമ്പതി പിടാരിമേട് വാർഡില്‍ സ്വതന്ത്ര സ്ഥാനാർഥിയാണ് വിജയിച്ചിരിക്കുന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇതും.

തിരുവനന്തപുരം വെള്ളാർ വാർഡിൽ സിപിഐ സ്ഥാനാർഥി പനത്തുറ പി ബൈജു 151 വോട്ടിനാണ് ബിജെപി സ്ഥാനാർഥി വെള്ളാർ സന്തോഷിനെ പരാജയപ്പെടുത്തിയത്. കുന്നനാട് വാർഡ് എല്‍ഡിഎഫ് നേടിയത് സിപിഎം സ്ഥാനാർഥിയായ ശ്രീലജയിലൂടെയാണ്.

പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ അടയമണ്‍ വാർഡ് (തിരുവനന്തപുരം), പൂക്കോട്ടുകാവ് പഞ്ചായത്തിലെ പുക്കോട്ടുകാവ് നോർത്ത് (പാലക്കാട്), ചിറ്റൂർ തത്തമംഗലം പഞ്ചായത്തിലെ മുതുകാട് (പാലക്കാട്), മുഴുപ്പിലങ്ങാട് മാമ്മക്കുന്ന് (കണ്ണൂർ) എന്നിവയാണ് എല്‍ഡിഎഫ് വിജയിച്ച മറ്റ് വാർഡുകള്‍.

തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിലെ കോവില്‍വിള വാർഡ്, ആലപ്പുഴ വെളിയനാട് പഞ്ചായത്തിലെ കിടങ്ങറ ബസാർ തെക്ക് വാർഡ്, കണ്ണൂർ മട്ടന്നൂർ ടൗണ്‍ വാർഡ് എന്നിവിടങ്ങളിലാണ് ബിജെപിയുടെ വിജയം. മട്ടന്നൂർ ടൗണ്‍ വാർഡ് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു. കിടങ്ങറ ബസാർ തെക്ക് വാർഡ് എല്‍ഡിഎഫില്‍ നിന്നാണ് ബിജെപി നേടിയത്.

എറണാകുളം എടവനക്കാട് പഞ്ചായത്തിലെ എല്‍ഡിഎഫിന്റെ നേതാജി വാർഡ് യുഡിഎഫ് തിരിച്ചുപിടിച്ചു. അതേസമയം, കല്‍പ്പക നഗർ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തതോടെ നെടുമ്പാശേരി പഞ്ചായത്തിലെ ഭരണം യുഡിഎഫിന് നഷ്ടമായി.

നരങ്ങാനം പഞ്ചായത്തിലെ കടമനിട്ട (പത്തനംതിട്ട), മൂന്നാർ പഞ്ചായത്തിലെ മൂലക്കട, നടയാർ (ഇടുക്കി), തിരുവേഗപ്പുറ പഞ്ചായത്തിലെ നരിപ്പറമ്പ് (പാലക്കാട്), മകരപ്പറമ്പ് പഞ്ചായത്തിലെ കാച്ചിനിക്കാട് കിഴക്ക്, കോട്ടയ്ക്കല്‍ പഞ്ചായത്തിലെ ചൂണ്ട, ഈസ്റ്റ് വില്ലൂർ (മലപ്പുറം), മാടായി പഞ്ചായത്ത് മുട്ടം ഇട്ടപ്പുറം, രമന്തളി പാലക്കോട് സെന്‍ട്രല്‍ (കണ്ണൂർ) എന്നീ വാർഡുകളിലാണ് യുഡിഎഫിന്റെ മറ്റ് വിജയങ്ങള്‍.

75.1 ശതമാനം പോളിങ്ങാണ് തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. 23 വാർഡുകളിലായി 24,416 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. ഇതില്‍ 13,442 സ്ത്രീകളും 10,974 പുരുഷന്മാരും ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here